ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കാലാനുസൃതമായ മാറ്റം ഉണ്ടാവണം : മന്ത്രി കെ.രാധാകൃഷ്ണൻ.
ഗുരുവായൂർ : ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കാലാനുസൃതമായ മാറ്റം ഉണ്ടാവണമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. ഗുരുവായൂർ ദേവസ്വം സംഘടിപ്പിച്ച ക്ഷേത്രപ്രവേശന സത്യഗ്രഹ നവതി ചരിത്ര സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി .ഇത് വിവാദത്തിനു വേണ്ടിയല്ല ,സംവാദത്തിനു വേണ്ടി പറയുന്നതാണ്. തൊണ്ണൂറ് വർഷങ്ങൾക്ക് മുമ്പ് ഗുരുവായൂർ ക്ഷേത്രത്തിലെ മണ്ഡപത്തിൽ പി.കൃഷ്ണപിള്ള മണിയടിച്ചു. സഖാവ് കൃഷ്ണപിള്ള അന്ന് മണിയടിച്ചില്ലായിരുന്നെങ്കിൽ തനിക്ക് ഇപ്പോൾ ഈ വേദിയിൽ നിൽക്കാൻ കഴിയുമായിരുന്നില്ല. ആരെയും കുറ്റപ്പെടുത്തൻ പറയുന്നതല്ലിത്.
സമൂഹത്തിൽ തുല്യത വേണമെന്നത് പ്രധാനമാണ്. പുതിയ കാലത്തിൻ്റെ ചരിത്ര ദൗത്യം ഏറ്റെടുക്കാൻ നമുക്ക് കഴിയണം. ഈ കാലഘട്ടം പ്രതിസന്ധി നിറഞ്ഞതാണ്. മഹാമാരിക്കെതിരെ മനുഷ്യൻ ഒറ്റക്കെട്ടായി നിൽക്കണം എന്നാണ് കൊറോണ നമ്മെ പഠിപ്പിക്കുന്നത്. കൊറോണയ്ക്ക് ജാതിയില്ല. മതമില്ല. ആൺ പെൺ ഭേദമില്ല. സമ്പന്നൻ എന്നോ ദരിദ്രനെന്നോ ഭേദമില്ല. നിങ്ങൾ ഒന്നായി നിന്നുകൊണ്ട് എന്നെ ചെറുത്തു തോൽപ്പിക്കുക എന്നതാണ് കോവിഡ് മഹാമാരി നൽകുന്ന സന്ദേശം .ഗുരുവായൂർ സത്യഗ്രഹ നവതിയുടെ ആവേശവും ഊർജ്ജവും ഈ സന്ദേശം ഏറ്റെടുക്കാൻ സമുഹത്തെ പ്രാപ്തരാക്കട്ടെയെന്ന് പ്രത്യാശിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹത്തിന് സാക്ഷിയായ പി. ചിത്രൻ നമ്പൂതിരിപ്പാടിനെ ചടങ്ങിൽ ആദരിച്ചു. ഗുരുവായൂർ സത്യഗ്രഹ അനുഭവം അദേഹം അനുസ്മരിച്ചു.
പ്രൊഫ. എം.എം. നാരായണൻ സെമിനാറിൽ മോഡറേറ്ററായി. നീതിയുടെ പ്രതീകമണ് എല്ലാ മതങ്ങളിലെയും ദൈവം. പക്ഷേ ആ ദൈവത്തിൻ്റെ പേരിലാണ് ഇന്നും മനുഷ്യൻ അപരനെ അകറ്റി നിർത്താൻ ആചാരങ്ങളെ പിൻതുടരുന്നതെന്ന് പ്രൊഫ. എം.എം. നാരായണൻ അഭിപ്രായപ്പെട്ടു. ഗാന്ധിയൻ സമരശൈലിയുടെ ഏറ്റവും പ്രകടമായ ഉദാഹരണമായിരുന്നു ഗുരുവായൂർ സത്യാഗ്രഹമെന്ന് സെമിനാറിൽ സംസാരിച്ച ഡോ: പി.വി.കൃഷ്ണൻ നായർ പറഞ്ഞു. നവോത്ഥാനം എന്നത് അടഞ്ഞ പുസ്തകമല്ല. അത്എഴുതി കൊണ്ടേയിരിക്കുന്ന പുസ്തമാണെന്ന് സെമിനാറിൽ പങ്കെടുത്തു കൊണ് കേരള സാഹിത്യ അക്കാദമി പ്രസിഡൻ്റ് വൈശാഖൻ പറഞ്ഞു.ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.