കാർ ഇടിച്ചു സ്‌കൂട്ടർ യാത്രികയായ നഴ്സ് മരണപ്പെട്ട സംഭവത്തിൽ ഒളിവിൽ പോയ സിപിഎം നേതാവ് അറസ്റ്റിൽ
ആലുവ: കാർ ഇടിച്ചു സ്‌കൂട്ടർ യാത്രികയായ നഴ്സ് മരണപ്പെട്ട സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന സിപിഎം നേതാവ് അറസ്റ്റിൽ. സിപിഎം നേതാവും വ്യാപാരി വ്യവസായി സമിതി സംസ്ഥാന നേതാവുമായ സി കെ ജലീൽ ആണ് അറസ്റ്റിൽ ആയത് ആശുപത്രിയിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പറവൂർ പെരുവാരം പുന്നക്കാട്ടിൽ സിന്റോയുടെ ഭാര്യ സുവർണ്ണ ഏലിയാസ് (32) ആണ് മരിച്ചത്. നേഴ്സ് ഓടിച്ചിരുന്ന സ്കൂട്ടറുമായി ഇടിച്ച ശേഷം ഇന്നോവ കാറുമായി കടന്ന സി കെ ജലീൽ ഒളിവിൽ പോകുകയായിരുന്നു
. ഇന്ന് വെളുപ്പിനെ അഞ്ചിന് തായിക്കാട്ടുകരയിലെ വീട്ടിൽ നിന്നാണ് പോലീസ് അറസ്റ്റു ചെയ്തത്. ആലുവ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മനഃപ്പൂർവ്വമല്ലാത്ത നരഹത്യയാണ് വകുപ്പ്.
മുൻ ബ്ലോക്ക് പഞ്ചായത്തംഗം കൂടിയായ ജലീലിനെ ഇതേ പേരിലുള്ള ബസ് ഉടമയെന്ന നിലയിൽ മഹാരാജ ജലീൽ എന്നാണ് അറിയപ്പെടുന്നത്. സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ അപകട ദിവസം പോലീസ് വാഹനം കണ്ടെത്തിയിരുന്നു. കാർ കസ്റ്റഡിയിൽ എടുത്ത് ശേഷം നടത്തിയ പരിശോധനയിൽ ഇരുചക്ര വാഹനവുമായി ഇടിച്ച ശേഷം കാർ റൂട്ട് മാറി ഓടിയതായി ജിപിഎസ് സഹായത്താൽ കണ്ടെത്തിയിട്ടുണ്ട്. അപകട സമയം ഏഴുമണി ഇരുപത്തിയൊന്ന് മിനിറ്റിൽ കാറിലെ കാമറയിൽ വാഹനം കുലുങ്ങുന്നതായി ദൃശ്യം ലഭിച്ചു.
കാർ നമ്പർ സിയു 7777 എന്ന് കണ്ടെത്തി വീട്ടിൽ ചെന്ന പോലീസിനോട് സംഭവം നിഷേധിച്ച ശേഷം പ്രതി മുങ്ങിയിരുന്നു. ഫോറൻസിക് വിദഗ്ദരെ കൊണ്ടുവന്ന് പരിശോധിച്ചപ്പോൾ ഇന്നോവയുടെ മുൻവശം പൊളിഞ്ഞതായി കണ്ടെത്തി. ആലുവ തായിക്കാട്ടുകയിൽ നിന്ന് സംഘടനാ പരിപാടിക്ക് പോയപ്പോഴാണ് സംഭവം. ഈ നേതാവിൻെറ ഹോട്ടലിൻെറ ഉദ്ഘാടനം കഴിഞ്ഞ ദിവസം ചൂർണിക്കര പഞ്ചായത്തിന് മുന്നിൽ നടന്നിരുന്നു.നിയമസഭ ഇലക്ഷനിൽ മത്സരിക്കാൻ അണിയറ നീക്കം നടക്കുന്നതിനിടെയാണ് ഈ തിരിച്ചടി. മാധ്യമങ്ങളിൽ നിന്ന് രക്ഷപ്പെടാനാണ് വെളുപ്പിനെ പോലീസ് അറസ്റ്റ് നാടകം കളിച്ചതെന്നു ആരോപണമുണ്ട്. കണ്ണൂർ ലോബിയിൽ പെട്ട മന്ത്രിയുമായി അടുത്ത ബന്ധം ഉള്ളതാണ് അറസ്റ്റ് വെളുപ്പിനെയാക്കാൻ സഹായമായത്. പാർട്ടി പ്രവർത്തകരും നേരത്തെ തന്നെ ആലങ്ങാട് പോലീസ് സ്റ്റേഷനിൽ എത്തി നേതാവിനെ കാത്തിരുന്നു.
വ്യാപാരിവ്യവസായി സംസ്ഥാന വൈസ് പ്രസിഡന്റ ,മൊബൈൽ ഫോൺ വ്യപാര സമിതി സംസ്ഥാന പ്രസിഡന്റ് , മിനിമം വേജ്സ് സംസ്ഥാന ബോർഡ് അംഗം , സംസ്ഥാന ചുമട്ടു തൊഴിലാളി വെൽഫയർ ബോർഡ് അംഗം , കെൽട്രോൺ ടൂൾ റൂം റിസർച് സെന്റർ ബോർഡ് അംഗം എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന ജലീലിനെ നിയമസഭാ തിരഞ്ഞെടുപ്പു മുന്നിൽ കണ്ട് കുടുക്കിയതാണെന്നും പാർട്ടി പ്രവർത്തകർ പറയുന്നു.
ജനുവരി നാല് തിങ്കളാഴ്ച രാത്രി 7.30ഓടെ ആലുവ – പറവൂർ റോഡിൽ മാളികംപീടികക്ക് സമീപമായിരുന്നു അപകടം. ഉടൻ നാട്ടുകാർ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം വരുത്തിയ കാർ നിർത്തിയില്ല. ഇന്നോവയാണെന്ന് സൂചന ലഭിച്ചിരുന്നു. ചുണങ്ങംവേലി രാജഗിരി ആശുപത്രിയിലെ നഴ്‌സാണ് സുവർണ്ണ. ദിയ എന്ന പേരുള്ള രണ്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിയുണ്ട്.