അഭയ കേസ്, കന്യകയെന്ന് സ്ഥാപിക്കാന്‍ സെഫിക്ക് ഹൈമനോപ്ളാസ്റ്റി

കോട്ടയം: കന്യകയെന്നു സ്ഥാപിക്കാന്‍ അഭയകേസിലെ മൂന്നാം പ്രതി സിസ്റ്റര്‍ സെഫി ഹൈമനോപ്ലാസ്റ്റി സ‌ര്‍ജറി നടത്തിയെന്ന കണ്ടെത്തല്‍ കേസില്‍ നിര്‍ണായകമായിരുന്നു. ഫാ. ജോസ് പൂതൃക്കയില്‍,​ ഫാ. തോമസ് കോട്ടൂര്‍ എന്നിവര്‍ക്ക് പയസ് ടെന്‍ത് കോണ്‍വെന്റിലെ സിസ്റ്റര്‍ സെഫിയുമായുണ്ടായിരുന്ന വഴിവിട്ട ബന്ധമാണ് അഭയയുടെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു.

സംഭവദിവസം പുലര്‍ച്ചയോടെ ഫ്രിഡ്‌ജില്‍ നിന്ന് കുടിക്കാന്‍ വെള്ളമെടുക്കാന്‍ എഴുന്നേറ്റുവന്ന അഭയ,​ ഇവര്‍ മൂവരുമൊത്ത് ലൈംഗിക ബന്ധത്തില്‍ എര്‍പ്പെടുന്നതു കണ്ടതിനെ തുടര്‍ന്നായിരുന്നു കൊലപാതകമെന്നാണ് പ്രോസിക്യൂഷന്‍ കേസ്. സി.ബി.ഐ സെഫിയെ അറസ്റ്റു ചെയ്ത ശേഷം,​ 2008 നവംബര്‍ 25ന് വൈദ്യ പരിശോധനയ്‌ക്ക് വിധേയയാക്കിയപ്പോള്‍ കന്യകയാണെന്നു സ്ഥാപിക്കാന്‍ കന്യാചര്‍മം കൃത്രിമമായി വച്ചുപിടിപ്പിക്കുന്ന ഹൈമനോപ്ലാസ്റ്റി സര്‍ജറി നടത്തിയത് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പൊലീസ് സര്‍ജനും 29 -ാം സാക്ഷിയുമായ ഡോ. ലളിതാംബിക കരുണാകരന്‍ കണ്ടെത്തിയെന്ന് സി.ബി.ഐ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

സെഫി കന്യകയാണെന്നു സ്ഥാപിച്ചെടുത്താല്‍ കേസില്‍ നിന്ന് രക്ഷപ്പെടാമെന്ന നിയമോപദേശം അനുസരിച്ചായിരുന്നു കന്യകാചര്‍മം കൃത്രിമമായി വച്ചുപിടിപ്പിച്ചതെന്ന് പ്രൊസിക്യൂഷന്‍ ചൂണ്ടിക്കാട്ടി .ഇതിനാവശ്യമായ തെളിവുകള്‍ നിരത്തിയായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന വാദം.