ചെമ്പൈ സംഗീതോത്സവം മന്ത്രി കെ മുരളീധരൻ ഉത്ഘാടനം നിർവ്വഹിക്കും.

ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തിൻ്റെ ഉദ്ഘാടനം നവംബർ 6 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് മേല്പുത്തൂർ ആഡിറ്റോറിയത്തിലെ ചെമ്പൈ സംഗീത മണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന ദേവസ്വം ആരോഗ്യം വകുപ്പ് മന്ത്രി .കെ.മുരളീധരൻ നിർവ്വഹിക്കും. ദേവസ്വം ചെയർമാൻ ഏ.വി.ഗോപിനാഥ് അധ്യക്ഷനാകും. ചടങ്ങിൽ വെച്ച് ഈ വർഷത്തെ ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം സംഗീത കലാനിധി ഡോ. ടി.കെ മൂർത്തിയ്ക്ക് സമർപ്പിക്കും.

പ്രശസ്ത ഗായിക കെ.എസ്.ചിത്ര .എൻ.കെ.അക്ബർ എം എൽ എ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ . ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, .കെ .എസ് .ബാലഗോപാൽ ,ശ്രീമതി. എം.യു. ഷിനിജ,, വാർഡ് കൗൺസിലർ ശോഭ ഹരി നാരായണൻ എന്നിവർ സംസാരിക്കും
. പുരസ്കാര സമർപ്പണത്തിനു ശേഷം
തുടർന്ന് ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാര സ്വീകർത്താവായ ഡോ. ടി.കെ. മൂർത്തി നയിക്കുന്ന സംഗീതകച്ചേരി അരങ്ങേറും. ചടങ്ങിൽ ചെമ്പൈ സംഗീതോത്സവ സബ് കമ്മിറ്റി കൺവീനറും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് സ്വാഗതം പറയും.
ചെമ്പൈ സംഗീതോത്സവ സബ്ബ് കമ്മറ്റി അംഗം പ്രൊഫ. വൈക്കം വേണുഗോപാൽ പുരസ്കാര സ്വീകർത്താവിനെ സദസിന് പരിചയപ്പെടുത്തും. ചെമ്പൈ സംഗീതോത്സവ സബ്ബ് കമ്മിറ്റി അംഗങ്ങളായ തിരുവിഴ ശിവാനന്ദൻ, വിദ്യാധരൻ മാസ്റ്റർ,. എൻ. ഹരി, . ചെമ്പൈ സുരേഷ്, ഡോ. കെ.മണികണ്ഠൻ, ആനയടി പ്രസാദ്, ചേപ്പാട് വാമനൻ നമ്പൂതിരി എന്നിവർ ചടങ്ങിൽ സന്നിഹിതരാകും. ദേവസ്വം അഡ്മിനിസ്ടേറ്റർ .എസ്.ഹരി ഗോപാൽ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തും
ഇത്തവണ ചെമ്പൈ സംഗീതോൽസവത്തിൽ പങ്കെടുക്കാൻ 4100 ലേറെ പേർ അപേക്ഷിച്ചു. ഇവരിൽ യോഗ്യരായ മൂവായിരത്തിലേറെ പേർക്ക് സംഗീതാർച്ചന നടത്താനാകും. യോഗ്യരായവർക്ക്
ക്ഷണക്കത്ത് വെബ് സൈറ്റിലൂടെ ഡൗൺലോഡ് ചെയ്യാൻ സൗകര്യമൊരുക്കി

ശ്രീഗുരുവായൂരപ്പൻ്റെ പരമഭക്തനും കർണാടക സംഗീത കുലപതിയുമായിരുന്ന സംഗീത കലാനിധി പത്മഭൂഷൺ ശ്രീ. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ഏകാദശി നാദോപാസനയുടെ സ്മരണാർത്ഥം ദേവസ്വം നടത്തി വരുന്ന ചെമ്പൈ സംഗീതോൽസവത്തിൻ്റെ 52-ാം വർഷമാണിത്.ഗുരുവായൂർ ഏകാദശിക്ക് വർഷങ്ങളോളം ഗുരുവായൂരപ്പ സന്നിധിയിൽ സംഗീതാർച്ചന നടത്തിയ ചെമ്പൈ വൈദ്യനാഥ ഭാഗവതർ 1974 ഒക്ടോബർ 16നാണ് ശ്രീഗുരുവായൂരപ്പ തൃപ്പാദങ്ങളിൽ വിലയം പ്രാപിച്ചത്. അദ്ദേഹത്തിൻ്റെ വിയോഗശേഷം ശിഷ്യൻമാരുടെ പങ്കാളിത്തത്തോടെ ആ വർഷം ദേവസ്വം സംഗീതോത്സവം നടത്തുകയുണ്ടായി. 1975 മുതൽ കൂടുതൽ വിപുലമായി ദേവസ്വം ചൈമ്പൈ സംഗീതോത്സവം ഏറ്റെടുത്ത് സംഘടിപ്പിച്ചു വരുന്നു. ഇതിനായി പ്രത്യേക സബ് കമ്മറ്റിയും പ്രവർത്തിക്കുന്നു.
നവംബർ 7 ബുധനാഴ്ച രാവിലെ ആറര മണിയോടെ ശ്രീലകത്തു നിന്ന് പകർന്നെത്തിക്കുന്ന ഭദ്രദീപം ക്ഷേത്രം തന്ത്രി പി.സി. ദിനേശൻ നമ്പൂതിരിപ്പാട് സംഗീത മണ്ഡപത്തിൽ തെളിയിക്കും. തുടർന്ന് ക്ഷേത്രം നാദസ്വരം -ത വിൽ അടിയന്തിര വിഭാഗത്തിൻ്റെ മംഗളവാദ്യത്തോടെ ഏകാദശി ദിവസം വരെ നീളുന്ന സംഗീതോൽസവത്തിന് തുടക്കമാകും. തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞർക്കൊപ്പം മൂവായിരത്തിലേറെ സംഗീതോപാസകരും സംഗീതോൽസവത്തിൽ പങ്കെടുക്കും.
ദശമി ദിനത്തിൽ ചെമ്പൈ സംഗീത മണ്ഡപത്തിൽ രാവിലെ 9 മണിക്ക് ഘനരാഗ പഞ്ചരത്ന കീർത്തനാലാപനം അരങ്ങേറും. ഏകാദശി നാദോപാസനയുടെ ഭാഗമായി ചെമ്പൈ സ്വാമികൾ തൻ്റെ ശിഷ്യരോടൊപ്പം നടത്തിവന്ന പഞ്ചരത്ന കീർത്തനാലാപനത്തിൻ്റെ തുടർച്ചയാണ് ദശമി നാളിലെ സംഗീതാർച്ചന.
ചൈമ്പൈ സംഗീതോൽസവം ശ്രീ ഗുരുവായൂരപ്പ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നത് ഏകാദശി ദിവസം രാത്രി ,ചെമ്പൈ സ്വാമികൾക്ക് പ്രിയപ്പെട്ട 5 കൃതികളുടെ ആലാപനത്തോടെയാണ്.തുടർന്ന് ചെമ്പൈ സംഗീതോത്സവ അണിയറ പ്രവർത്തർക്കുള്ള ഉപഹാര സമർപ്പണം നടക്കും..ചെമ്പൈ സംഗീതോൽസവം പൂർണമായും ദേവസ്വം യു ട്യൂബ് ചാനൽ , ഫേസ് ബുക്ക് പേജ് വഴി തൽസമയംസംപ്രേഷണം ചെയ്യും. ആകാശവാണിയും ദൂരദർശനും പരിപാടി സംപ്രേഷണം െചെയ്യുന്നുണ്ട്.
