
മലപ്പുറത്ത് എംഡിഎംഎയുമായി നാലുപേർ പിടിയിലായി.

മലപ്പുറം: ജില്ലയിൽ യുവാക്കൾക്കും വിദ്യാർഥികൾക്കും ഇടയിൽ രാസലഹരി വിതരണം ചെയ്യുന്ന സംഘത്തിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഉൾപ്പെടെ നാലുപേർ എംഡിഎംഎയുമായി പൊലീസ് പിടിയിലായി. കൂട്ടിലങ്ങാടി സ്വദേശിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ കൂട്ടപ്പിലാൻ വീട്ടിൽ മിനു ജാസ്മിൻ (23), മലപ്പുറം ഹാജിയാർ പള്ളി സ്വദേശി അനസ് (24), മങ്കട കർക്കിടകം സ്വദേശി തോണ്ടിപുലാൻ വീട്ടിൽ ഷബീർ ടി.പി. (24), വേങ്ങര കൂരിയാട് സ്വദേശി കുന്നത്തീരി വീട്ടിൽ സജാദ് (21) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും (ഡാൻസാഫ്) മലപ്പുറം പൊലീസും ചേർന്ന് പിടികൂടിയത്.

ലഹരിക്കെതിരെ നടത്തുന്ന ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ രാത്രി മലപ്പുറം കിഴക്കേത്തല-വേങ്ങര റോഡിൽ അക്ഷയ സെന്ററിന് മുൻവശം നടത്തിയ പരിശോധനയിലാണ് കാറിലുണ്ടായിരുന്ന സംഘം പിടിയിലായത്. വേങ്ങര, മങ്കട തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചാണ് ഇവർ രാസലഹരി വിൽപ്പന നടത്തിവന്നിരുന്നത്.
പ്രതികളിൽ നിന്ന് ചില്ലറ വിപണിയിൽ അരലക്ഷത്തോളം രൂപ വിലമതിക്കുന്ന 10.5 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇതിനുപുറമെ, ലഹരി ഉപയോഗിക്കാൻ സഹായിക്കുന്ന സിറിഞ്ചുകൾ, എംഡിഎംഎ അളന്നുനൽകാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസ്, പായ്ക്ക് ചെയ്യാനുള്ള സിപ് ലോക്ക് കവറുകൾ, ലഹരിവിൽപ്പനയിലൂടെ ലഭിച്ച കാൽ ലക്ഷത്തോളം രൂപ, വിൽപ്പനയ്ക്കായി ഉപയോഗിച്ച കാർ എന്നിവയും പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ അനസ്, ഷബീർ, സജാദ് എന്നിവർക്കെതിരെ മുൻപും ലഹരി വിൽപ്പനയ്ക്കും ഉപയോഗത്തിനും വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്.
മലപ്പുറം ഡിവൈഎസ്പി സുഭാഷ് ബാബുവിന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ ഷാജിമോൻ ബി., സബ് ഇൻസ്പെക്ടർ സനൽ, എഎസ്ഐ സുഷമ, പൊലീസുകാരായ ബി.എൻ. അബ്ദുള്ള, ബാബു ബാലകൃഷ്ണൻ, ആഷിഖ്, ഡാൻസാഫ് സേനാംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടൻ, രഞ്ജിത്ത് രാജേന്ദ്രൻ, പി. മുഹമ്മദ് സലീം, കെ.കെ. ജസീർ, വി.പി. ബിജു എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. മഞ്ചേരി ഇൻസ്പെക്ടർ മനോജിന്റെ സാന്നിധ്യത്തിലാണ് പ്രതികളുടെ ദേഹപരിശോധന ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.

