
വിൽപ്പന നടത്തിയത് വളഞ്ഞ ടൈലുകൾ , ലാവിഷും ,കജാരിയയും നഷ്ടം നൽകണം

തൃശൂർ : ടൈലുകൾ വളഞ്ഞതാണെന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. പൂവ്വത്തൂർ അമ്പലത്തു് വീട്ടിൽ കബീർ.. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ ലാവിഷ് ഇലക്ട്രിക്കൽസ് ഏൻറ് സാനിറ്ററീസ് ഉടമക്കെതിരെയും ന്യൂഡെൽഹിയിലെ കജാരിയ സെറാമിക്സ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഇപ്രകാരം വിധിയായത്.കബീർ ചുവരിൽ വിരിക്കുന്ന ടൈലുകളാണ് വാങ്ങിയത്.

വിരിച്ച ടൈലുകൾ വളഞ്ഞിരിക്കുന്ന അവസ്ഥയിലും, ഒരേ പോലെയല്ലാത്ത രീതിയിലുമായിരുന്നു. കാഴ്ചയിൽത്തന്നെ അപാകതകൾ വ്യക്തമായിരുന്നു.തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായതു്.കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി തകരാറുകൾ റിപ്പോർട്ട് ചെയ്യുകയുണ്ടായിട്ടുള്ളതാകുന്നു. ടൈലുകൾ വിരിക്കുന്നതിന് മുമ്പേ പരിശോധിക്കേണ്ടതായിരുന്നു എന്ന എതിർകക്ഷികളുടെ വാദം കോടതി അംഗീകരിച്ചില്ല.
വിരിക്കുന്നതിന് മുമ്പേ തകരാറുകൾ കണ്ടെത്തിക്കൊള്ളണമെന്നില്ല എന്നും കോടതി നിരീക്ഷിച്ചു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി നിർമ്മാതാവിനോട് ടൈലുകളുടെ വിലയായ 21,300 രൂപയും ടൈലുകൾ വീണ്ടും വിരിക്കുന്ന ചിലവിലേക്ക് 31,142 രൂപയും വില്പനക്കാരനും നിർമ്മാതാവും ചേർന്ന് നഷ്ടപരിഹാരമായി 20,000 രൂപയും ചിലവിലേക്ക് 10,000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി. ബെന്നി ഹാജരായി
