
ഗുരുവായൂരിൽ സ്ഥലംഏറ്റെടുക്കൽ, അളവ് വ്യാപാരികൾ തടഞ്ഞു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിന് ചുറ്റും നൂറ് മീറ്റർ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വ്യാപാര സ്ഥാപനങ്ങളിൽ കടന്നു കയറി അളവെടുക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥരെ അളവെടുക്കാൻ സമ്മതിക്കാതെ വ്യാപാരി പ്രധിനിധികളും വ്യാപാരികളും തടഞ്ഞു. പടിഞ്ഞാറെ നടയിലെ കടകൾക്കുള്ളിൽ കയറി ഡെപ്യൂട്ടി തഹസിൽദാരുടെ നിർദ്ദേശപ്രകാരം അളവെടുക്കാൻ ഉദ്യോഗസ്ഥരെത്തിയത്.

ദേവസ്വം വകുപ്പ് മന്ത്രിയും, മുഖ്യമന്ത്രിയും, റവന്യൂ മന്ത്രിയുമായി വ്യാപാരികൾക്കും, സ്ഥല ഉടമസ്ഥർക്കും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് അക്വിസിഷനുമായി ചർച്ചകൾ ഒരു വശത്ത് നടക്കുകയും കൃത്യമായ ഒരു മാസ്റ്റർ പ്ലാൻ ആവിഷ്ക്കരിച്ച് മാത്രമേ നടപടികൾ പുരോഗമിയ്ക്കുകയുള്ളുവെന്ന ദേവസ്വം മന്ത്രിയുടെ ഉറപ്പ് വകവെയ്ക്കാതെയാണ് ഉദ്യോഗസ്ഥർ സ്ഥലമളക്കുന്നതെന്ന് വ്യാപാരികൾ അറിയിച്ചു.
കെ.വി.വി. ഇ എസ് പ്രസിഡന്റ് പുതുർ രമേഷ് കുമാർ, ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോസ്, ജോ: സെക്രട്ടറി വത്സൻ എ.കെ. മർച്ചൻസ് അസോസേഷ്യൻ ഭാരവാഹികളായ മനോജ് മേനോൻ, വേണുഗോപാൽ, കെ.വി വി ഇ.എസ് ഭാരവാഹികളായ ബീന, ശശികുമാർ, വ്യാപാരികൾ എന്നിവർ ഒത്ത് ചേർന്നാണ് അളവ് നിർത്തി വെപ്പിച്ചത്
സ്ഥലമുടമസ്ഥരുടെ അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഉദ്യോഗസ്ഥർ അളവെടുക്കാൻ ശ്രമിച്ചത്. സ്ഥലമുടമസ്ഥരെ ഇക്കാര്യം വ്യാപാരി നേതാക്കൾ അറിയിച്ചപ്പോൾ അനുമതി നൽകിയിട്ടില്ലെന്നാണ് സ്ഥലമുടമകൾ അറിയിച്ചത്

