
ജില്ലയിലെ ദേശീയപാതകളിൽ അടിയന്തര സംയുക്ത പരിശോധന

തൃശൂർ: കയ്‌പമംഗലത്തെ വാഹനാപകടത്തിൽ എട്ട് വിദ്യാർഥികൾ മരിച്ചതിന് പിന്നാലെ ജില്ലയിലെ ദേശീയപാതകളിൽ അടിയന്തര സംയുക്ത പരിശോധന നടത്താൻ ജില്ലാ കളക്‌ടർ ശിഖ സുരേന്ദ്രൻ നിർദേശം നൽകി. എൻഎച്ച്എഐ, പൊലീസ്, മോട്ടോർ വാഹന വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടുന്ന സംഘമാണ് പരിശോധന നടത്തുക.

ബുധനാഴ്‌ച വൈകിട്ടോടെ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശമുണ്ട്. വാഹനാപകടത്തിന് കാരണമായ ലോറിയുടെ ഡ്രൈവർ പൊലീസ് പിടിയിലായി. പൂനെ സ്വദേശി ദൂക്കാറാം കാംബ്ലെ ആണ് പിടിയിലായത്. കൈപ്പമംഗലം മൂന്നുപീടികയിൽ നാട്ടുകാർ സംശയാസ്പദമായി കണ്ടതോടെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.


അപകടത്തിൽ മരിച്ച ആറുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മധുര മേലൂർ സതീവപുരം സ്വദേശിയായ സന്തോഷ് ജി (20), മധുര വിരഗനൂർ സ്വദേശിയായ പ്രസന്ന ആർ (20), സേലം സ്വദേശിയായ വിശ്വ വി (20), ഡിണ്ടികൽ അടിയനൂത്ത് സ്വദേശിയായ സൂര്യ ഐ (20), ഒറ്റൻഛത്രം സ്വദേശിയായ യുവസഞ്ജിത് കെ (21), ഡിണ്ടികൽ സ്വദേശിയായ ജോഷ്വ (20) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. രണ്ടുപേരെ കൂടി തിരിച്ചറിയാനുണ്ട്.
വിദ്യാര്‍ഥികള്‍ ട്രിപ്പ് പോയത് തങ്ങളെ അറിയിക്കാതെയാണെന്ന് ഡിണ്ടിഗല്‍ പി എസ് എൻ എ എന്‍ജിനിയറിങ് കോളജ് അധികൃതര്‍ പറഞ്ഞു . പുലര്‍ച്ചെ കേരള പൊലീസ് വിളിച്ചപ്പോഴാണ് അപകടവിവരം അറിഞ്ഞതെന്നും കോളജ് അധികൃതര്‍ വിശദീകരിച്ചു. . അവധിക്കാലമായതിനാല്‍ വിദ്യാര്‍ഥികള്‍ ട്രിപ്പ് പ്ളാന്‍ ചെയ്ത് പോയതാകാമെന്ന് കോളജ് അധികൃതര്‍ വ്യക്തമാക്കി. മരിച്ച സന്തോഷ് കോളജ് ഹോസ്റ്റലിലാണ് നില്‍ക്കുന്നത്. വീട്ടില്‍ പോയതിനുശേഷമാണ് ട്രിപ്പ് പോയതെന്നും കോളജ് അധികൃതര്‍ അറിയിച്ചു

