
ലിഫ്റ്റിൽ കുടുങ്ങിയ കുടുംബത്തെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

ഗുരുവായൂർ: കാരക്കാട് വൈകുണ്ഠം അപ്പാർട്ട്മെന്റിലെ ലിഫ്റ്റിൽ കുടുങ്ങിയ തമിഴ്നാട് കരൂർ സ്വദേശികളായ ആറംഗ കുടുംബത്തെ ഫയർഫോഴ്സ് സുരക്ഷിതമായി രക്ഷപ്പെടുത്തി. കരൂർ സ്വദേശികളായ ദിനേഷ് (26), ലാവണ്യ (31), ഇളവരശി (29), ലത (55), എട്ടു വയസ്സുകാരനായ തമിഴ് ഇനിയൻ, മൂന്നു വയസ്സുകാരനായ ബാല മിത്രൻ എന്നിവരാണ് ലിഫ്റ്റിൽ കുടുങ്ങിയത്.

ഞായറാഴ്ച രാവിലെ 11:30 യോടെയായിരുന്നു സംഭവം.ഇവർ ഗുരുവായൂരിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനായി വന്നവരാണ്. അരമണിക്കൂറോളം ആണ് കുടുംബം എട്ടു നില കെട്ടിടത്തിന്റെ ലിഫ്റ്റിൽ കുടുങ്ങിയത്. എന്നാൽ അപ്പാർട്ട്മെൻറ് അധികൃതർ വിവരം പുറത്ത് അറിയിച്ചില്ല.

ഇതേ തുടർന്ന് ലിഫ്റ്റിൽ കുടുങ്ങിയവർ ഗൂഗിളിൽ നിന്ന് തൃശൂർ ഫയർഫോഴ്സിന്റെ നമ്പറിലേക്ക് വിളിക്കുകയും തൃശ്ശൂർ ഫയർഫോഴ്സ് ആണ് ഗുരുവായൂരിലെ ഫയർഫോഴ്‌സിനെ വിവരമറിയിച്ചത്. തുടർന്നാണ് രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചത്.
ഗുരുവായൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ സജിത് ലാൽ എസ്.ഡിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.
ഗ്രേഡ് സ്റ്റേഷൻ ഓഫീസർ കെ.സി. സജീവ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ നിതിൻ രാജ് എ.ആർ., സമീർ എസ്., ദിപു ആർ., ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ രഞ്ജിത് പാപ്പച്ചൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. സംഭവസ്ഥലത്ത് ഗുരുവായൂർ പോലീസും എത്തിയിരുന്നു.

