
അപ്രോച്ച് റോഡിന്റെ സ്ഥലമെടുപ്പിൽ അപാകത , മുഖ്യമന്ത്രിക്ക് നിവേദനം നൽകി

ചാവക്കാട് : നഗര സഭ യിലെ ചിങ്ങനാത്ത്-പുന്ന പാലം അപ്രോച്ച് റോഡിന്റെ സ്ഥലമെടുപ്പിൽ അപാകതയുണ്ടെന്നാരോപിച്ച് ഭൂമിയും വീടും നഷ്ടപ്പെടുന്ന നാട്ടുകാരുടെ പ്രതിനിധികൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. പാലത്തിൻ്റെ അപ്രോച്ച് റോഡ് നിർമ്മാണത്തിനായി സ്ഥലമേറ്റെടുക്കുമ്പോൾ, വീടും സ്ഥലവും നഷ്ടമാകുന്നവർക്ക് മറ്റൊരു സ്ഥലം വാങ്ങി വീട് നിർമ്മിക്കാൻ മതിയായ നഷ്ടപരിഹാരം നിർണ്ണയിക്കുന്നതിൽ എംഎൽഎ പക്ഷപാതപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ആരോപണമുണ്ട്.
മതിയായ പഠനം നടത്താതെ ജനങ്ങളെ ദുരിതത്തിലാക്കുന്ന തീരുമാനങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകരുതെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം മാത്രമേ പദ്ധതി മുന്നോട്ട് കൊണ്ടുപോകാവൂ എന്നും കുടുംബങ്ങൾ ആവശ്യപ്പെട്ടു.
മുപ്പതോളം കുടുംബങ്ങൾ ഒപ്പിട്ട പരാതിയാണ് ഇന്ന് മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്.
ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റുമാരായ അഡ്വ. പക്കർ സി പുന്ന, കെ.വി സത്താർ, ജനറൽ സെക്രട്ടറി സുധീർ പുന്ന, ടി. എ മോഹനൻ, മുഹമ്മദ് റാഫി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിനിധികൾ മുഖ്യമന്ത്രിയെ കണ്ടത്.
