
പി.സി. ജോര്‍ജിന്റെ പൂഞ്ഞാറിലെ വീട്ടിലും വെള്ളം കയറി,ലക്ഷങ്ങളുടെ നഷ്ടം

കോട്ടയം : കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിലും പൂഞ്ഞാറിലും വ്യാപക നാശനഷ്ടം. പൂഞ്ഞാര്‍ മേഖലയില്‍ 213 മില്ലീമീറ്റര്‍ വരെ മഴ രേഖപ്പെടുത്തി. അര്‍ധരാത്രിയോടെ ഉയര്‍ന്ന വെള്ളം മൂലം പ്രദേശത്തെ വീടുകളിലും റോഡുകളിലും കടകളിലും വെള്ളക്കെട്ട് രൂപപ്പെടുകയും, പാലാ വരെയുള്ള റോഡ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
പി.സി. ജോര്‍ജിന്റെ പൂഞ്ഞാറിലെ വീട്ടിലും വെള്ളം കയറി. പാത്രങ്ങള്‍, 2 ഫ്രിഡ്ജുകള്‍, ടിവി, മറ്റ് ഗാര്‍ഹിക ഉപകരണങ്ങള്‍ എന്നിവയ്ക്ക് പുറമെ നിര്‍ത്തിയിട്ടിരുന്ന 2 ഇന്നോവ കാറുകളിലും വെള്ളം കയറി നശിച്ച് 10 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. ഭാര്യ ഉഷ പൂഞ്ഞാറില്‍ നടത്തുന്ന വസ്ത്രസ്ഥാപനത്തില്‍ വെള്ളം കയറി വിലകൂടിയ സാരികള്‍ നശിച്ച് 30 ലക്ഷം രൂപയുടെ നഷ്ടവുമുണ്ടായി. ആകെ, 40 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി.
40 വര്‍ഷത്തെ താമസത്തിനിടയില്‍ ആദ്യമായാണ് ഇത്തരമൊരു വെള്ളപ്പൊക്കം നേരിടുന്നതെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. പുലര്‍ച്ചെ 2 മണിയോടെ അയല്‍വാസിയായ ബാങ്ക് ഉദ്യോഗസ്ഥന്‍ എത്തി വാതിലില്‍ മുട്ടിയപ്പോഴാണ് വെള്ളം കയറുന്ന വിവരം അറിയുന്നത്. രണ്ടരയോടെ വീടിനകത്തേക്ക് മൂന്നരയടിയോളം ഉയരത്തില്‍ വെള്ളം കയറുകയും ചെയ്തു. സംഭവസമയത്ത് പി.സി. ജോര്‍ജും ഭാര്യ ഉഷയും രണ്ടാമത്തെ മകന്‍ ഷെയ്‌നുമാണ് വീട്ടിലുണ്ടായിരുന്നത്. തങ്ങളേക്കാള്‍ വലിയ നഷ്ടങ്ങള്‍ മറ്റ് പലര്‍ക്കും സംഭവിച്ചിട്ടുണ്ടെന്നും, ഈ സാഹചര്യത്തില്‍ സ്വന്തം വിഷമം മാത്രം വലുതാക്കി പറയുന്നതില്‍ ന്യായമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
