
ഉപഭോക്തൃകോടതി വിധി പാലിച്ചില്ല , വാറണ്ട് അയക്കാൻ ഉത്തരവ്

തൃശൂർ : ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നല്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളത്തുള്ള ശ്രീദുർഗ്ഗയിലെ എ.അജിത, മകൾ അപർണ്ണ, ചെറുമകൻ ഇഷാൻ.ഡി.നായർ എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് എറണാകുളത്തുള്ള മലബാർ ടൂർസ് ഏൻറ് ട്രാവൽസ് ഉടമക്കെതിരെ വാറൻ്റ് അയക്കുവാൻ ഉത്തരവായതു്.
കാശ്മീർ ടൂർ പാക്കേജിലെ താമസ സൗകര്യം, ഭക്ഷണം തുടങ്ങിയ കാര്യങ്ങളിലെ പോരായ്മകൾ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാർക്ക് 49,500/- രൂപ നൽകുവാൻ എതിർകക്ഷിക്കെതിരെ വിധിയുണ്ടായിരുന്നു. എന്നാൽ വിധി എതിർകക്ഷി പാലിക്കുകയുണ്ടായില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിന് എതിർകക്ഷിയെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു.

ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതിർകക്ഷിക്കെതിരെ പോലീസ് മുഖേനെ വാറണ്ട് അയക്കുവാൻ കല്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് എതിർകക്ഷിയെ മൂന്ന് വർഷം തടവ് ശിക്ഷക്ക് വിധിക്കുവാനും, ഒരു ലക്ഷം രൂപ പിഴ വിധിക്കുവാനും ഉപഭോക്തൃ കോടതിക്ക് അധികാരമുള്ളതാകുന്നു. ഹർജിക്കാർക്ക് വേണ്ടി അഡ്വ.ഏ.ഡി. ബെന്നി ഹാജരായി വാദം നടത്തി.
