
ജയിൽ ഉപദേശക സമിതികൾ പുനഃസംഘടിപ്പിച്ചു

തൃശൂർ : കേരളത്തിലെ വിവിധ സെൻട്രൽ, ഓപ്പൺ, വനിതാ ജയിലുകളിലെ ഉപദേശക സമിതികൾ സംസ്ഥാന സർക്കാർ പുനഃസംഘടിപ്പിച്ചു. ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ് ചെയർമാനായും അതത് ജയിൽ സൂപ്രണ്ടുമാർ മെമ്പർ സെക്രട്ടറിമാരായും പ്രവർത്തിക്കുന്ന സമിതിയിൽ ജില്ലാ കളക്ടർമാർ, ജില്ലാ സെഷൻസ് ജഡ്ജിമാർ, ജില്ലാ പോലീസ് മേധാവികൾ, ജില്ലാ പ്രൊബേഷൻ ഓഫീസർമാർ എന്നിവർ ഔദ്യോഗിക അംഗങ്ങളായിരിക്കും. ഇവർക്ക് പുറമെ സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന പ്രമുഖ വ്യക്തികളെ നോൺ-ഒഫീഷ്യൽ അംഗങ്ങളായും ഉൾപ്പെടുത്തിയിട്ടുണ്ട്.
വിയ്യൂർ സെൻട്രൽ ജയിലിൽ അഡ്വ. ജോസഫ് ടാജറ്റ്, സുന്ദരൻ കുന്നത്തുള്ളി, ജോസഫ് ചാലിശേരി എന്നിവരെയാണ് നോൺ-ഒഫീഷ്യൽ അംഗങ്ങളായി നിയമിച്ചത്. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ ടി.വി ചന്ദ്രൻമോഹൻ, അബ്ദുൾസലാം, ഗോപപ്രതാപൻ എന്നിവരെയും നിയമിച്ചു
തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, മുൻ ഡി.സി.സി അധ്യക്ഷൻ കരകുളം കൃഷ്ണപിള്ള, ഡോ. ആർ. വത്സലൻ എന്നിവരെയാണ് നിയമിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിൽ അഡ്വ. മാർട്ടിൻ ജോർജ്ജ്, സജീവ് മറോളി, ജയകൃഷ്ണൻ എന്നിവരും സമിതിയിലുണ്ടാകും. തവനൂർ സെൻട്രൽ ജയിലിൽ ഇ.പി രാജീവ്, പുരുഷോത്തമൻ മാസ്റ്റർ, എം. അബ്ദുള്ളക്കുട്ടി എന്നിവരെയാണ് സമിതിയംഗങ്ങളായി തീരുമാനിച്ചത്.
വിവിധ തുറന്ന ജയിലുകളിലും വനിതാ ജയിലുകളിലും പുതിയ പ്രതിനിധികളെ നിയമിച്ചിട്ടുണ്ട്. നെട്ടുകാൽത്തേരി തുറന്ന ജയിലിൽ ടി. ശരത്ചന്ദ്രപ്രസാദ്, നെയ്യാറ്റിൻകര സനൽ, സി.എസ് ലെനിൻ എന്നിവരെയും ചീമേനിയിൽ അഡ്വ. കെ.കെ രാജേന്ദ്രൻ, ഹക്കീം കുന്നേൽ, ബി.പി പ്രദീപ് കുമാർ എന്നിവരെയും . കൂടാതെ തിരുവനന്തപുരം, വിയ്യൂർ, കണ്ണൂർ വനിതാ ജയിലുകളിലേക്കും തിരുവനന്തപുരം തുറന്ന വനിതാ ജയിലിലേക്കും പുതിയ നോൺ-ഒഫീഷ്യൽ വനിതാ അംഗങ്ങളെയും ഉൾപ്പെടുത്തി സമിതികൾ വിപുലീകരിച്ചു.

