Post Header (woking) vadesheri

കാർഷിക മേഖലയിൽ സാങ്കേതിക പരിജ്ഞാനത്തിന് പരിശീലനം നൽകും; മന്ത്രി ടി സിദ്ധിഖ്

Above Post Pazhidam (working)

തൃശൂർ: സംസ്ഥാനത്തുടനീളമുള്ള കർഷകർക്ക് നൂതന സാങ്കേതിക പരിജ്ഞാനം ലഭ്യമാക്കുന്നതിന് കൃഷിവകുപ്പിന് കീഴിൽ പരിശീലനം നൽകുമെന്ന് മന്ത്രി ടി സിദ്ധിഖ്. പയറുവർഗ ഉത്പാദനത്തിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് നടപ്പാക്കിയ സംസ്ഥാനത്തെ ആദ്യ ഉഴുന്ന് കൂട്ടുകൃഷിയുടെ വിളവെടുപ്പ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകർക്ക് ഉയർന്ന വരുമാനം ഉറപ്പാക്കാൻ പരമ്പരാഗത കാർഷിക രീതികളോടൊപ്പം നൂതന സംവിധാനങ്ങളും ഉൾപ്പെടുത്തേണ്ടതുണ്ട്. കാർഷിക മേഖലയെ വിദ്യാർത്ഥി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ പാഠ്യപദ്ധതി പരിഷ്കരണം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ഇസാഫ് കോ ഓപ്പറേറ്റീവ്, മുണ്ടൂർ താഴം കോൾപടവ്, കറുക കോൾപാടശേഖര സമിതി, കൈപ്പറമ്പ് പഞ്ചായത്ത് എന്നിവർ കൃഷിവകുപ്പുമായി സഹകരിച്ചാണ് ഉഴുന്ന് കൃഷി നടത്തിയത്. മുരിയാട്, മുണ്ടൂർ മേഖലകളിലെ 212 ഏക്കറിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ പദ്ധതിയിൽ പ്രദേശത്തെ നൂറോളം കർഷകർ പങ്കെടുത്തു. സേവിയർ ചിറ്റിലപ്പള്ളി എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ ഡോ. കെ പോൾ തോമസ് മുഖ്യപ്രഭാഷണം നടത്തി.

ഇസാഫ് കോ ഓപ്പറേറ്റീവ് സിഇഒ ജോർജ് തോമസ് പദ്ധതി വിശദികരിച്ചു.
നെൽകൃഷിക്ക് ശേഷം വെറുതെ കിടക്കുന്ന തൃശ്ശൂരിലെ കോൾനിലങ്ങളെ ലക്ഷ്യമിട്ടാണ് പദ്ധതി രൂപീകരിച്ചത്. 60–65 ദിവസത്തിനുള്ളിൽ കൊയ്തെടുക്കാൻ സാധിക്കുമെന്നതിനാൽ നെൽപ്പാടങ്ങളിൽ ഉഴുന്ന് കൃഷി മികച്ച ഇടവിളയാണ്. രാസവള പ്രയോഗത്തിൽ നിന്ന് മണ്ണിനെ വിമുക്തമാക്കാനും സ്വാഭാവിക നൈട്രജൻ ഫിക്സേഷനിലൂടെ മൺതരികളുടെ ഫലഭൂയിഷ്ഠത കൂട്ടാനും സഹായിക്കുന്നതിനോടൊപ്പം കർഷകർക്ക് അധിക വരുമാനവും ഇതിലൂടെ ഉറപ്പുനൽകുന്നു. ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷൻ (എൻസിസിഎഫ്) വിത്തിന് 50% സബ്സിഡി നൽകി പദ്ധതിക്ക് പിന്തുണയേകി.

സംസ്ഥാന കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ ആത്മാർത്ഥമായ പരിശ്രമവും, കോൾപടവുകളുടെ കസ്റ്റോഡിയനായ മുണ്ടൂർ സർവീസ് സഹകരണ ബാങ്ക്, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് എന്നിവരും പദ്ധതിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചു. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ ഭാവിയിൽ ഈ കൃഷി രീതി ആയിരക്കണക്കിന് ഏക്കറുകളിലേക്ക് വ്യാപിപ്പിക്കാനും സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെടെ വിഷരഹിത നാടൻ പയറുവർഗ്ഗങ്ങൾ എത്തിക്കാനും കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതരും കർഷകരും. ചടങ്ങിൽ കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമീള സുബ്രഹ്മണ്യൻ, ജില്ലാ പഞ്ചായത്ത് മെമ്പർ പ്രസാദ് പി കെ, മുണ്ടൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് നിജോൺ എം ജെ എന്നിവർ പ്രസംഗിച്ചു. ‘കൃഷിയും കാലാവസ്ഥയും’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. നൂതന കാർഷിക രീതികൾ അവലംബിച്ച് മികച്ച നേട്ടം കൈവരിച്ച കർഷകരെയും ചടങ്ങിൽ ആദരിച്ചു.

First Paragraph Jitesh panikar (working)