Post Header (woking) vadesheri

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച ലോക്കൽ സെക്രട്ടറി കീഴടങ്ങി

Above Post Pazhidam (working)

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന സിപിഎം പാളയം ലോക്കൽ സെക്രട്ടറിയും തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൌൺസിലറുമായ ഐപി ബിനു പൊലീസിന് മുന്നിൽ കീഴടങ്ങി. കേസിലെ പ്രതികളായ മുൻ കൗൺസിലർമാടക്കമുള്ള പ്രതികൾക്കായി പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഐപി ബിനു കീഴടങ്ങിയത്. ഇ ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ ഐ പി ബിനു മുട്ട എറിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആക്രമിച്ചവരുടെ കൂട്ടത്തിൽ ഐ പി ബിനുവിനെയും ഉൾപ്പെടുത്തിയത്. ഇതോടെ കേസിൽ 16 പേരാണ് പിടിയിലായത്. കേസിൽ പ്രതികളായ ആറ്റുകാൽ ഉണ്ണിയും പാളയം സന്തോഷും ഒളിവിലാണ്.

മ്യൂസിയം പൊലീസിന് മുന്നിൽ കീഴടങ്ങുന്നുവെന്ന് ഐപി ബിനു തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. കഴിഞ്ഞദിവസം ഇ ഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ ആക്രമണം അഴിച്ചുവിട്ടു എന്ന് ആരോപിച്ചുള്ള കേസിലാണ് ഞാൻ പോലീസിന് മുന്നിൽ എത്തുന്നത്, പിടിച്ചതല്ല പിടി കൊടുക്കുന്നതാണ്- ബിനു ഫേസ്ബുക്കിൽ കുറിച്ചു. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ 100% ആത്മാർത്ഥതയോടുകൂടി ചെയ്യുക എന്നതാണ് എന്‍റെ നിലപാടും ശരിയും. അതിനിടയിൽ നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം സഖാവ് പിണറായി വിജയനേയും കുടുംബത്തെയും ബന്ദിയാക്കി ഇഡി നടത്തിയ നാടക റൈഡ് അങ്ങേയറ്റം വിമർശനാത്മകവും പരിഹാസ്യവും ആണെന്ന് ബിനു പറയുന്നു.

ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ അനുവദിക്കാതെ ഇത് എന്ത് റൈഡ് ആണ്. ഇഡി-വിഡി ഡീൽ ഒക്കെ സാധാരണ മനുഷ്യന് നന്നായി അറിയാം. സുപ്രീംകോടതി വരെ തള്ളിയ കേസുകളിൽ എന്ത് റെയ്ഡ് ആണ്. ഇമ്മാതിരിയുള്ള പ്രഹസന പരമ്പര സർക്കാർ ഏജൻസികൾ തുടർന്നാൽ. ആഹ്വാനം ഇല്ലാതെ തന്നെ കേരളം തെരുവിൽ ഇറങ്ങും, .ഇത് ബംഗാൾ അല്ല കേരളം ആണ്- ഐപി ബിനു ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിൽ സിപിഎം പ്രവർത്തർക്കെതിരെ പൊലിസിനെ ആക്രമിച്ചതിന് മറ്റൊരു കേസെടുക്കും. പരിക്കേറ്റ പൊലീസുകാർ മൊഴി നൽകിയിട്ടുണ്ട്. തലസ്ഥാനത്തുണ്ടായത് പൊലീസിന്‍റെ ഗുരുതരവീഴ്ചയെന്നാണ് കേന്ദ്ര ഇന്‍റലിജൻസ് റിപ്പോര്‍ട്ട്. അതേ സമയം റെയ്ഡിന് എത്തിയ ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് സിപിഎം.