Post Header (woking) vadesheri

ചികിത്സ നൽകാതെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

Above Post Pazhidam (working)

ചാവക്കാട്: എടക്കഴിയൂരില്‍ വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് നവജാതശിശു മരിച്ചതിനു പിന്നാലെ കുഞ്ഞിന്റെ അമ്മയും മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു. എടക്കഴിയൂര്‍ ഹൈസ്‌കൂളിന് സമീപം കല്ലുവളപ്പില്‍ ഇബ്രാഹി(43)മിനെയാണ് ചാവക്കാട് എസ്.എച്ച്.ഒ. എന്‍.എസ്. രാജീവിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കൊലപാതകമല്ലാത്ത കുറ്റകരമായ നരഹത്യക്കാണ് കേസെടുത്തിട്ടുള്ളത്. ഇയാള്‍ താമസിക്കുന്ന വീട് പോലീസ് നേരത്തെ സീല്‍ ചെയ്തിരുന്നു. ഇബ്രാഹിമിന്റെ ഭാര്യ മുഹ്സിന(37)യുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ പോലീസ് സര്‍ജന്‍ ഡോ. ടി.എസ്. ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിലുള്ള ഫോറന്‍സിക് സംഘം പോലീസിന് നല്‍കിയ ശക്തമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഗര്‍ഭകാലത്തും പ്രസവസമയത്തും ശേഷവും മതിയായ ചികിത്സ നല്‍കാതിരുന്നതിനെതുടര്‍ന്നുണ്ടായ അണുബാധയാണ് മുഹ്സിനയുടെ മരണത്തിന് കാരണമെന്ന ഫോറന്‍സിക് സംഘത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

വ്യാഴാഴ്ചയാണ് മുഹ്‌സിന മരിച്ചത്. കഴിഞ്ഞ ജനുവരി 10-നാണ് ഇബ്രാഹിം- മുഹ്‌സിന ദമ്പതിമാരുടെ നവജാത ശിശു ജനിച്ച് നാലാംനാള്‍ മരിച്ചത്. ഈ കുഞ്ഞ് മരിച്ചതും ചികിത്സ കിട്ടാതെയാണെന്ന് ആരോപിച്ച് ചാവക്കാട് പോലീസില്‍ പുതുപൊന്നാനി സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ പാലയ്ക്കല്‍ ഹംസത്ത് മുഹമ്മദ് പരാതി നല്‍കിയിരുന്നു. മുഹ്‌സിനയുടെ ഏഴാമത്തെ പ്രസവമായിരുന്നു ഇത്. നേരത്തെയും ഇവരുടെ രണ്ട് കുട്ടികള്‍ മരിച്ചിരുന്നു.