
ഗുരുവായൂർ നഗര സഭക്ക് 137.62 കോടിയുടെ ബജറ്റ്.

ഗുരുവായൂർ : 1,37,62,09, 452 രൂപയുടെ വരവും 1,03,33,42,000 രൂപയുടെ ചെലവും 34,28,67, 452രൂപയുടെ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് നഗരസഭ വൈസ് ചെയർമാൻ കെ കെ ജ്യോതി രാജ് അവതരിപ്പിച്ചു അടിസ്ഥാന സൗകര്യ വികസനവും നഗര നവീകരണവും
നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനും തീർത്ഥാടകർക്കും യാത്രക്കാർക്കും മികച്ച സൗകര്യം ഒരുക്കുന്നതിനുമായി ആധുനിക ബസ് ബേ നിർമ്മിക്കും.

ബസ് സ്റ്റാൻഡ് ടെർമിനൽ സ്ട്രീറ്റ് ഷോപ്പിംഗ് കോംപ്ലക്സ് ഈ സാമ്പത്തിക വർഷം തന്നെ പൂർത്തിയാക്കും.
‘പ്രകാശം നഗരം’ പദ്ധതിയിലൂടെ നഗരവീഥികളെ എൽ.ഇ.ഡി വെളിച്ചത്തിൽ പ്രകാശിപ്പിക്കുകയും പുതിയ ആധുനിക നഗരസഭാ ഓഫീസ് സമുച്ചയം നിർമ്മിക്കുകയും ചെയ്യും. ഇതിലൂടെ നഗര സൗന്ദര്യവൽക്കരണത്തോടൊപ്പം ഭരണ കാര്യക്ഷമതയും വർധിക്കും.
ടൂറിസം രംഗത്തെ വിപ്ലവം: ഹെലി ടൂറിസം
ഗുരുവായൂരിന്റെ വിനോദസഞ്ചാര മേഖലയെ കൂടുതൽ സജീവമാക്കാൻ ഹെലി ടൂറിസം പദ്ധതി ആരംഭിക്കും. തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും ആകാശക്കാഴ്ചകൾ ഒരുക്കുന്നതിനൊപ്പം അടിയന്തര മെഡിക്കൽ ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന ഹെലിപ്പാഡ് നിർമ്മാണം ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടൂറിസം സർക്യൂട്ടുമായി ബന്ധിപ്പിച്ച് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതാണ് ലക്ഷ്യം.
ആധുനിക വിപണിയും ശുചിത്വവും
നഗരത്തിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ആധുനിക അറവുശാല സ്ഥാപിക്കും. കൂടാതെ, ശീതീകരിച്ച (എയർ കണ്ടീഷൻഡ്) മാർക്കറ്റ് കോംപ്ലക്സ് സ്ഥാപിച്ച് കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന വിപണി സംവിധാനം ഒരുക്കും.
മാലിന്യ സംസ്കരണ രംഗത്ത് ബയോ പാർക്ക് നവീകരിക്കുകയും ‘ഗുരുവായൂർ പെല്ലറ്റ് വളം’ വിപണിയിൽ എത്തിക്കുകയും ചെയ്യും.
സാമൂഹ്യക്ഷേമവും പട്ടികജാതി വികസനവും
സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനത്തിനായി ബജറ്റിൽ വൻ തുകയാണ് നീക്കിവെച്ചിരിക്കുന്നത്.
പട്ടികജാതി ക്ഷേമം: സമഗ്ര വികസനത്തിനായി രണ്ട് കോടി രൂപ പ്രത്യേകമായി വകയിരുത്തി.
വയോജന നയം: ‘സ്നേഹതീരം’ പകൽവീടുകൾ, വയോജനോത്സവം തുടങ്ങിയ പദ്ധതികളോടെ മാതൃകാപരമായ വയോജന നയം നടപ്പാക്കും.
‘അതിജീവനം’ പദ്ധതി: ഭിന്നശേഷിക്കാർക്കായി.
‘ജീവനസ്പർശം’ പദ്ധതി: ഗുരുതര രോഗികൾക്ക് പിന്തുണ നൽകാൻ.
പ്രാദേശിക ബ്രാൻഡിംഗും കൃഷി പ്രോത്സാഹനവും
ഗുരുവായൂരിന്റെ തനത് ഉൽപ്പന്നമായ ‘ഗുരുവായൂർ വെളിച്ചെണ്ണ’ വിപണിയിലെത്തിക്കും. ‘ഒരു വീട് ഒരു പച്ചക്കറിത്തോട്ടം’ പദ്ധതി, മത്സ്യകൃഷി പ്രോത്സാഹനം എന്നിവയിലൂടെ ഭക്ഷ്യ സ്വയംപര്യാപ്തത ലക്ഷ്യമിടുന്നു.
വനിതാ ശാക്തീകരണവും വിദ്യാഭ്യാസ പുരോഗതിയും
വനിതകൾക്കായി പിങ്ക് ഓട്ടോ, പ്രത്യേക ജിം, ‘പുണ്യശ്രീ’, ‘സുരക്ഷാസഖി’ പദ്ധതികൾ എന്നിവ നടപ്പിലാക്കും.
വിദ്യാഭ്യാസ രംഗത്ത് സ്കൂളുകളെ സ്മാർട്ടാക്കുന്ന ‘അക്ഷരമുറ്റം’ പദ്ധതി ഉൾപ്പെടുത്തിയിട്ടുണ്ട്.
