
പെരുന്തട്ട മഹാദേവ ക്ഷേത്രത്തിൽ മഹാരുദ്രം

ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീപെരുന്തട്ട ശിവക്ഷേത്രത്തില്‍ 2-ാം അതിരുദ്ര മഹായജ്ഞത്തിന്റെ ഭാഗമായി 7-ാം മഹാരുദ്ര യജ്ഞം, ഫെബ്രുവരി ഒന്നുമുതല്‍ 11 വരേയുള്ള ദിവസങ്ങളില്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിപുലമായ രീതിയില്‍ നടത്തപ്പെടുമെന്ന് പെരുന്തട്ട ശിവക്ഷേത്ര പരിപാലന സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ക്ഷേത്രചൈതന്യ വര്‍ദ്ധനവിന് വിപുലമായ താന്ത്രിക ചടങ്ങുകളോടെ കേരളത്തിലെ ക്ഷേത്രങ്ങളില്‍ അപൂര്‍വ്വമായി മാത്രം നടത്തിവരുന്ന ചടങ്ങാണ് മഹാരുദ്ര യജ്ഞം. മഹാരുദ്ര യജ്ഞത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ ദിവസവും കലശാഭിഷേകം, നിറമാല, ചുറ്റുവിളക്ക് എന്നിവയും, മംഗല്ല്യ ഭാഗ്യത്തിനും, ഐശ്വര്യത്തിനുമുള്ള ബ്രാഹ്മണിപ്പാട്ട്, പറവെപ്പ് എന്നീ പ്രത്യേക വഴിപാടുകളും ഉണ്ടായിരിയ്ക്കും.
മഹാരുദ്ര യജ്ഞത്തോടനുബന്ധിച്ച് ക്ഷേത്രം രുദ്രാക്ഷ ആധ്യാത്മിക മണ്ഡപത്തില്‍ ദിവസവും നാരായണീയ പാരായണവും, പണ്ഡിതരുടെ ഭക്തിപ്രഭാഷണവും ഉണ്ടായിരിയ്ക്കും. വൈകീട്ട് ദീപാരധനയ്ക്ക് ശേഷം ക്ഷേത്രം നാഗഹാര നൃത്തകലാമണ്ഡപത്തില്‍ വിവിധ കലാപരിപാടികളും, ദിവസവും അന്നദാനവും ഉണ്ടായിരിയ്ക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത അതിരുദ്ര യജ്ഞാചാര്യന്‍ കീഴേടം രാമന്‍ നമ്പൂതിരി, പെരുന്തട്ട ശിവക്ഷേത്ര പരിപാലന സമിതി സെക്രട്ടറി കെ. രാമകൃഷ്ണന്‍ ഇളയത്, പ്രസിഡണ്ട് കോങ്ങാട്ടില്‍ അരവിന്ദാക്ഷമേനോന്‍, ഭാരവാഹികളായ ഉഷ അച്ച്യുതന്‍, ആര്‍. പരമേശ്വരന്‍, മുരളി മണ്ണുങ്ങല്‍, സുധാകരന്‍ നമ്പ്യാര്‍ എന്നിവര്‍ അറിയിച്ചു.
ക്ഷേത്രത്തില്‍ പുതിയതായി നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന്റെ സമര്‍പ്പണവും, 7-ാം അതിരുദ്ര മഹായജ്ഞത്തിന്റെ ഉദ്ഘാടനവും ശനിയാഴ്ച്ച (31.01.2026) വൈകീട്ട് ദീപാരാധനയ്ക്കുശേഷം ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ. വിജയന്‍ നിര്‍വ്വഹിയ്ക്കും. കോങ്ങാട്ടില്‍ അരവിന്ദാക്ഷ മേനോന്‍ അദ്ധ്യക്ഷത വഹിയ്ക്കും. സ്വാമി ജ്ഞാനന്ദ സരസ്വതി വേദാന്ത വിജ്ഞാനകേന്ദ്രം ചെയര്‍മാന്‍ സ്വാമി കൃഷ്ണാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തും. ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍, ഗുരുവായൂര്‍ ദേവസ്വം വൈദിക സാംസ്‌ക്കാരിക പഠനകേന്ദ്രം ഡയറക്ടര്‍ ഡോ: പി. നാരായണന്‍ നമ്പൂതിരി എന്നിവര്‍ വിശിഷ്ടാതിഥികളാകും. മമ്മിയൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ജി.കെ. പ്രകാശന്‍, മാധ്യമ പ്രവര്‍ത്തകന്‍ വി.പി. ഉണ്ണികൃഷ്ണന്‍, പെരുന്തട്ട ശിവക്ഷേത്ര പരിപാലന സമിതി സെക്രട്ടറി കെ. രാമകൃഷ്ണന്‍ ഇളയത്, ആര്‍. പരമേശ്വരന്‍ എന്നിവര്‍ സംസാരിയ്ക്കും.
