
പൂ കച്ചവടക്കാരനെ മർദിച്ച പ്രതി അറസ്റ്റിൽ.

ഗുരുവായൂർ : ഗുരുവായൂർ വടക്കേ നടയിലെ പൂക്കച്ചവടക്കാരനായ വൃദ്ധനെ ഇരുമ്പുപൈപ്പുകൊണ്ട് ആക്രമിച്ച് കൈ തല്ലിയൊടിച്ച കേസിലെ പ്രതിയെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് വടക്കഞ്ചേരിക്കടുത്ത് കാരപ്പറ്റ സ്വദേശിയും, കുറേകാലമായി ഗുരുവായൂർ ക്ഷേത്രപരിസരങ്ങളിൽ തമ്പടിച്ചുവരുന്നതുമായ മീശ എന്ന് വിളിക്കുന്ന ചന്ദ്രൻ(68 വയസ്സ്) എന്നയാളെയാണ് ഗുരുവായൂർ ടെമ്പിൾ പോലീസ് ഇൻസ്പെക്ടർ ജി.അജയകുമാറും സംഘവും അറസ്റ്റ് ചെയ്തത്.

തിരുവത്ര സ്വദേശിയായ ചീരമ്പത്ത് വീട്ടിൽ രാജേന്ദ്രൻ(66 വയസ്സ്) എന്നയാളെയാണ് പ്രതി ആക്രമിച്ച് കൈവിരൽ തല്ലിയൊടിച്ചത്. 12.ന് വെളുപ്പിന് 03.00 മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം. രാജേന്ദ്രൻ ഗുരുവായൂർ വടക്കേ നടയിൽ മാഞ്ചിറ ജംഗ്ഷനിൽ കച്ചവടം നടത്തുന്ന പൂ തട്ടിനടുത്തേക്ക് വന്ന് പ്രതി മലമൂത്ര വിസർജനം നടത്തുകയും ഒരു കവറിൽ മലവും മറ്റ് മാലിന്യങ്ങളും കൊണ്ടുവന്ന് തട്ടിലും, പരിസരത്തും വാരിയിടുകയും, തട്ട് തല്ലിത്തകർത്ത് 10,000/- രൂപയുടെ നഷ്ടം വരുത്തുകയും ചെയ്ത കാര്യത്തിന് ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിരുന്നു

ഇതിന്റെ വിരോധത്താലാണ് പ്രതി ഒരു ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ആക്രമിച്ചത്. അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് ചാവക്കാട് കോടതിയിൽ ഹാജരാക്കി. ഗുരുവായൂർ പരിസരങ്ങളിൽ വർഷങ്ങളായി തമ്പടിച്ചുവരുന്ന പ്രതി മുമ്പും സമാനമായ അക്രമങ്ങൾ ചെയ്യാറുള്ളതായും, ആക്രമിക്കാനുപയോഗിച്ച ഇരുമ്പ് പൈപ്പ് കണ്ടെത്തുന്നതിനായി പ്രതിയെ അടുത്ത ദിവസം പോലീസ് കസ്റ്റഡിയിൽ വാങ്ങുമെന്നും, ടെമ്പിൾ പോലീസ് ഇൻസ്പെക്ടർ അറിയിച്ചു.

പ്രതിയെ പിടികൂടിയ സംഘത്തിൽ എസ് ഐ മാരായ സദാശിവൻ.പി ജി, ദേവദാസ്.ആർ., സ്ക്പോ എസ് സി പി ഒ മാരായ രഞ്ജിത്ത്.എൻ, അരുൺ.ഡി., സി പി ഒ മാരായ സന്തീഷ് കുമാർ.വി എൽ., റമീസ്.ആർ., അനൂപ്.എസ് ജെ എന്നിവരും ഉണ്ടായിരുന്നു.
