
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്,

ദില്ലി: ഇൻഡിഗോ പ്രതിസന്ധിയിൽ സിഇഒക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി ഡിജിസിഎ. 24 മണിക്കൂറിനകം മറുപടി നൽകണം എന്നും പ്രതിസന്ധിയിൽ സിഇഒക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് നോട്ടീസ് വിശദമാക്കുന്നത്. ഇൻഡിഗോ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന. വ്യോമയാന നിയമങ്ങൾ ലംഘിക്കപ്പെട്ടുവെന്നും കാരണം കാണിക്കൽ നോട്ടീസ് വിശദമാക്കുന്നു.

രാജ്യമെമ്പാടുമുണ്ടാവുന്ന ഇൻഡിഗോ വിമാന സർവീസുകളുടെ കാലതാമസം, റദ്ദാക്കൽ, പ്രവർത്തന തകരാറുകൾ എന്നിവയുടെ കാരണം വിശദമാക്കാനാണ് നോട്ടീസ് പീറ്റർ എൽബേഴ്‌സിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ പരാജയപ്പെട്ടാൽ എയർക്രാഫ്റ്റ് നിയമങ്ങളനുസരിച്ച് ശിക്ഷാനടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും ഡിജിസിഎ നൽകിയിട്ടുണ്ട്.

തീർപ്പാക്കാത്ത എല്ലാ റീഫണ്ടുകളും ഞായറാഴ്ചയ്ക്കുള്ളിൽ യാത്രക്കാർക്ക് നൽകാനും ലഗേജുകൾ 48 മണിക്കൂറിനുള്ളിൽ ഉടമകൾക്ക് തിരികെ എത്തിക്കാനും സിവിൽ ഏവിയേഷൻ മന്ത്രാലയം ഇൻഡിഗോയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കാരണം കാണിക്കൽ നോട്ടീസ്. പ്രതിസന്ധി സമയത്ത് മറ്റ് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടുന്നതിലും കേന്ദ്ര സർക്കാർ ഇടപെട്ടിരുന്നു.

ചില വിമാനക്കമ്പനികൾ ഈടാക്കുന്ന അസാധാരണമായി ഉയർന്ന വിമാന നിരക്കുകളെക്കുറിച്ച് ഉയർന്നുവന്ന ആശങ്കകൾക്കിടെയാണ് കേന്ദ്രത്തിന്റെ ഇടപെടൽ. അതേസമയം ഇൻഡിഗോയെ വലച്ച പ്രതിസന്ധി അഞ്ചാം ദിവസത്തിലേക്ക് കടന്നു. ആസൂത്രണത്തിലെ പോരായ്മ, പൈലറ്റുമാരുടെ ക്ഷാമമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് രൂക്ഷമാക്കിയത്.
