
ഗുരുവായൂരിൽ സഹസ്രകലശ ചടങ്ങുകള്‍ തുടങ്ങി

ഗുരുവായൂർ : ഗുരുവായൂർ ഉത്സവത്തിന് മുന്നോടിയായുള്ള സഹസ്രകലശ ചടങ്ങുകള്‍ തുടങ്ങി. ദീപാരാധനക്ക് ശേഷം ആചാര്യവരണത്തോടെയാണ് കലശചടങ്ങുകള്‍ തുടങ്ങിയത്. ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന് കൂറയും പവിത്രവും നല്‍കി ആചാര്യവരണം നടത്തി. മാര്‍ച്ച് ഒമ്പതിന് സഹസ്രകലശാഭിഷേകത്തോടെ ചടങ്ങുകള്‍ പൂര്‍ത്തിയാകും. വൈകീട്ട് നാലമ്പലത്തിലെ മുളയറയില്‍ വെള്ളിപ്പൂപ്പാലികകളില്‍ ധാന്യങ്ങള്‍ വിതച്ച് മുളയിട്ടു.

തിങ്കളാഴ്ച വാതിൽമാടത്തിൽ ഹോമങ്ങൾ ആരംഭിക്കും. കലശദിവസങ്ങളിൽ ശുദ്ധികർമ്മങ്ങളും, ഹോമവും, അഭിഷേകവും നടക്കും. മാര്‍ച്ച് 10നാണ് ഉത്സവം കൊടിയേറുക. വൈകീട്ട് മൂന്നിന് ആനയോട്ടവും രാത്രി എട്ടിന് ഉത്സവ കൊടിയേറ്റവും നടക്കും. കലശ-ഉത്സവ ദിവസങ്ങളില്‍ അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കില്ല.
