Above Pot

സർക്കാർ ഒന്നും ചെയ്യാത്തത്‌ കൊണ്ടാണ്  ആമയിഴഞ്ചാൻ തോട്ടിൽ ദുരന്തമുണ്ടായത്

സുല്‍ത്താന്‍ ബത്തേരി: സര്‍ക്കാര്‍ ഒന്നും ചെയ്യാത്തതു കൊണ്ടാണ് ആമയിഴഞ്ചാന്‍ തോട്ടില്‍ ദുരന്തമുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പ്രതിപക്ഷം വിമര്‍ശിക്കുമ്പോള്‍ മന്ത്രിമാര്‍ക്ക് പൊള്ളും. സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി തിരുത്തിക്കുകയെന്നതാണ് പ്രതിപക്ഷ ധര്‍മം. ആമയിഴഞ്ചാന്‍ തോട്ടില്‍ ജോയ് എന്ന തൊഴിലാളി വീണപ്പോള്‍ പ്രതിപക്ഷം വിമര്‍ശിച്ചെന്നാണ് തദ്ദേശമന്ത്രിയുടെ പരാതി. പക്ഷെ പ്രതിപക്ഷം സര്‍ക്കാരിനെ വിമര്‍ശിച്ചത് അപ്പോഴല്ല. മഴക്കാലപൂര്‍വ ശുചീകരണം നടന്നിട്ടില്ലെന്നും അതിന്റെ ഭാഗമായി സംസ്ഥാനത്ത് പകര്‍ച്ച വ്യാധികള്‍ പടരുന്നെന്നും അതീവ ഗൗരവത്തോടെ പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞതാണ്

മുഖ്യമന്ത്രിയുടെ മുഖത്തിന് നേരെയും വിരല്‍ ചൂണ്ടി സംസാരിക്കും. രാഷ്ട്രീയമായി വിമര്‍ശിച്ചെന്നതാണ് മറ്റൊരു മന്ത്രിയുടെ പരാതി. ഇവരൊക്കെ വിമര്‍ശനത്തിന് അതീതരാണോ. പിണറായി വിജയന് പഠിക്കുകയെന്നതാണ് എം.ബി. രാജേഷിന് അടുത്തിടെയായുള്ള അസുഖം. പിണറായിയെ പോലെയാണെന്നും വിമര്‍ശനത്തിന് അതീതനുമാണെന്ന തോന്നല്‍ വന്നു തുടങ്ങി. തെറ്റു ചെയ്താല്‍ വിമര്‍ശിക്കുക തന്നെ ചെയ്യും. അധികാരത്തില്‍ ഇരിക്കുന്നവര്‍ തെറ്റു ചെയ്താല്‍ വിമര്‍ശിക്കപ്പെടും. അതു മനസിലാക്കി സഹിഷ്ണുതയോടെ പെരുമാറി കാര്യങ്ങള്‍ ചെയ്യണം. സര്‍ക്കാര്‍ എന്തെങ്കിലും ചെയ്താല്‍ അഭിനന്ദിക്കാം. അതിനൊരു അവസരം താ.

യോഗം ചേരാന്‍ പറ്റാത്തതു കൊണ്ട് മഴക്കാലപൂര്‍വ ശുചീകരണം ഉപേക്ഷിക്കുകയാണോ വേണ്ടത് യോഗം ചേര്‍ന്നില്ലെങ്കില്‍ ഉദ്യോഗസ്ഥതലത്തില്‍ സംവിധാനം ഒരുക്കണമായിരുന്നു. തദ്ദേശ സെക്രട്ടറിക്കും പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കുമെല്ലാം യോഗം ചേരാമായിരുന്നല്ലോ യോഗം നടക്കാത്തതു കൊണ്ട് മഴക്കാലപൂര്‍വ ശുചീകരണം നടത്താനായില്ലെന്ന വാദം പുറത്തു പറയാന്‍ കൊള്ളാത്തതാണ്. ഇനിയെങ്കിലും യോഗം വിളിച്ച് ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിച്ചാല്‍ പ്രതിപക്ഷം അതിനെ അനുകൂലിക്കും. പക്ഷെ തെറ്റ് തെറ്റ് തന്നെയാണ്. പകര്‍ച്ചവ്യാധികള്‍ കേരളത്തില്‍ പടര്‍ന്ന് പിടിക്കുന്നുവെന്ന് നിയമസഭയില്‍ പറഞ്ഞപ്പോള്‍ മഴ പെയ്യുമ്പോള്‍ പകര്‍ച്ചവ്യാധികള്‍ വരുമെന്നും ഇതിന് മുന്‍പും വന്നിട്ടുണ്ടെന്നുമാണ് ആരോഗ്യമന്ത്രി മറുപടി നല്‍കിയത്. പൊതുജനാരോഗ്യ വിദഗ്ധരായ ഡോ. ഇക്ബാലും ഡോ. എസ്.എസ് ലാലും പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ച അതേ കാര്യമാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. പൊതുജനാരോഗ്യം സംരക്ഷിക്കുകയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. പക്ഷെ അതിന് തയാറാകുന്നില്ല.

ഒരു മെഡിക്കല്‍ കോളജില്‍ ആറാം വിരലിന് പകരം നാവില്‍ ഓപ്പറേഷന്‍ നടത്തി മറ്റൊരിടത്ത് രണ്ട് രാത്രിയും ഒരു പകലും ഒരാള്‍ ലിഫ്റ്റില്‍ കുടുങ്ങി. ഈ മന്ത്രി വന്നതിന് ശേഷം നടത്തിയ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ചേര്‍ത്താല്‍ വലിയൊരു പുസ്തകമാക്കാം. കെടുകാര്യസ്ഥതയാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്ന പ്രതിപക്ഷ ആരോപണത്തിന് എല്ലാദിവസും മന്ത്രിമാര്‍ തന്നെ അടിവരയിടുകയാണ്. സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച്, പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ നേരിട്ടതിനേക്കാള്‍ മികച്ച രീതിയില്‍ തദ്ദേശ-നിയമസഭ തിരഞ്ഞെടുപ്പുകളെ നേരിടാനും സംഘടാനാ പ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനവും ശക്തിപ്പെടുത്താനും ഇരു സര്‍ക്കാരുകള്‍ക്കുമെതിരായ പോരാട്ടം മുന്നോട്ടു കൊണ്ടു പോകാനുമുള്ള തീരുമാനം കെ.പി.സി.സി ക്യാമ്പ് എക്സിക്യൂട്ടീവിലുണ്ടാകും. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ എല്ലാവരുമായും കൂടിയാലോചിച്ച് ഒരു ടീം ആയി മുന്നോട്ടു പോകുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു