വ്യാജരേഖ ചമച്ച് പ്രവാസിയെ വഞ്ചിച്ച സംഭവത്തിൽ മകനും പിതാവിനുമെതിരെ കേസെടുക്കാൻ ഉത്തരവ്
ചാവക്കാട് : ബിസിനസ് തുടങ്ങുന്നതിനായി സ്ഥലം നൽകാമെന്ന് വിശ്വസിപ്പിച്ചും വ്യാജരേഖ ചമച്ചും പ്രവാസിയെ വഞ്ചിച്ച് പണം തട്ടിയെടുത്തുവെന്ന സംഭവത്തിൽ പിതാവിനും മകനുമെതിരെ കേസെടുത്ത് അന്വേഷണം നടത്തുന്നതിന് കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി കുന്നംകുളം പോലീസിനോട് ഉത്തരവിട്ടു. പോർക്കുളം തോട്ടുപുറത്ത് വീട്ടിൽ ഹരീഷ് കൊടുത്ത അന്യായത്തിൻമേൽ കരിക്കാട് വള്ളോക്കടവത്ത് വീട്ടിൽ സാലിഹ് സിറാജ്, പിതാവായ സിറാജുദീൻ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് ലക്ഷ്മി ശ്രീനിവാസ് ആണ് ഉത്തരവിട്ടത്.
വർഷങ്ങളായി ഗൾഫ് നാടുകളിൽ ജോലിചെയ്ത് വന്നിരുന്ന അന്യായക്കാരനായ ഹരീഷ് നാട്ടിലെന്തെങ്കിലും സംരംഭം ആരംഭിക്കണമെന്ന ആഗ്രഹത്താൽ ഗൾഫിലെ ജോലി ഉപേഷിച്ച് നാട്ടിൽ വന്ന ഒരാളാണ്.
തുടർന്ന് കൺസ്ട്രക്ഷൻ മെറ്റിരിയൽസ് വില്പന കേന്ദ്രം തുടങ്ങുന്നതിനായി ഒരു യാർഡ് അന്വേഷിച്ച് വരവേ , പ്രതിയായ സാലിഹ് സിറാജ് ഹരീഷുമായി ബന്ധപ്പെടുകയും , തന്റെ പിതാവിനും ബന്ധുവിനും കൂടി അവകാശപ്പെട്ട സ്ഥലം ബിസിനസ് ആവശ്യത്തിനായി ലീസിനു നൽകാമെന്നു പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്. തുടർന്ന് സാലിഹും പിതാവും ഹരീഷുമായി ഇക്കാര്യത്തിനായി കരാറിലേർപ്പെട്ടിട്ടുള്ളതും രണ്ട് ലക്ഷത്തിൽപരം ഉറുപ്പിക കൈപ്പറ്റിയിട്ടുള്ളതുമാണ്. കരാറിലേർപ്പെടുമ്പോൾ പ്രതികളുടെ ബന്ധുവിന്റെ കൂടി സമ്മതത്തോടെയാണ് കരാറെന്നും ആൾ കൂടി ഒപ്പിട്ടതാണെന്നുമാണ് ഹരീഷിനെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.
തുടർന്ന് ഹരീഷ് സംരംഭം തുടങ്ങുന്നതിനാവശ്യമായ നടപടിക്രമങ്ങളുമായി മുന്നോട്ട് പോകവേ പ്രതികൾ ഹരീഷുമായി ഏർപ്പെട്ട കരാറിലെ തങ്ങളുടെ ബന്ധുവിന്റെ ഒപ്പ് വ്യാജമാണെന്നും അതിനാൽ ഹരീഷ് തുടങ്ങുവാനുദ്ദേശിക്കുന്നബിസിനസ്സിനു പെർമിറ്റ് നൽകരുതെന്നും മറ്റും പറഞ്ഞു അധികൃതർ മുമ്പാകെ അപേക്ഷ കൊടുക്കുകയായിരുന്നു.ഇതിനെ തുടർന്ന് പോർക്കുളം പഞ്ചായത്തധികൃതർ പെർമിറ്റ് നിഷേധിക്കുകയായിരുന്നു. പ്രതികളുമായുണ്ടാക്കിയ കരാർ വിശ്വസിച്ച് ബിസിനസ്സിനായി വൻതുകകൾ ചിലവാക്കിയ ഹരീഷിന് ഇതിനെ തുടർന്ന് വൻ നഷ്ടം സംഭവിക്കുകയും , അഡ്വക്കേറ്റുമാരായ സുജിത് അയിനിപ്പുള്ളി, എൽസ. യു. അംബ്രയിൽ എന്നിവർ മുഖേന കോടതിയെ സമീപ്പിക്കുകയായിരുന്നു