ഒരുമനയൂരിൽനിന്നു പിക്കപ്പ് മോഷ്ടിച്ച അഞ്ചംഗ സംഘം പിടിയിൽ
ചാവക്കാട് :ഒരുമനയൂർ തങ്ങൾപടിക്കടുത്ത് നിർത്തിയിട്ടിരുന്ന മഹീന്ദ്ര ബൊലേറോ പിക്കപ്പ് മോഷ്ടിച്ച പ്രതികളെ ഗുരുവായൂർ അസിസ്റ്റൻറ് കമ്മീഷണർ കെ.ജി.സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി.ചാവക്കാട് കരിക്കലകത്ത് ബക്കർ മകൻ അൽത്താഫ്(33),കോട്ടപ്പടി മൂത്താണ്ടശ്ശേരി വേലായുധൻ മകൻ വിനീത്(35),തിരുവത്ര അരുവല്ലി വീട്ടിൽ ബാലകൃഷ്ണൻ മകൻ അനിൽകുമാർ(53),പെരിന്തൽമണ്ണ മുതിരമണ്ണ കപ്പൂർ വീട്ടിൽ യൂസുഫ് മകൻ അബ്ദുൽ നജീബ്(45) ചാവക്കാട് മല്ലാട് പുതു വീട്ടിൽ മുഹമ്മദലി മകൻ മനാഫ് (45) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ഈ മാസം 22-ആം തിയ്യതി പുലർച്ചെയാണ് റോഡരിയിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് മോഷ്ടിച്ച് കൊണ്ടുപോയത്.തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും,ചാവക്കാട് എസ്എച്ച്‌ഒ വിപിൻ കെ.വേണുഗോപാലിന്റെ ചുമതലയിൽ തൃശ്ശൂർ സിറ്റി സഗോക്ക് അംഗങ്ങളും അടങ്ങുന്ന അന്വേഷണ സംഘത്തെ ഗുരുവായൂർ എസിപി നിയോഗിക്കുകയും,അന്വേഷണം തുടങ്ങുകയും ചെയ്തു.നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് വാഹനം പൊള്ളാച്ചി ഭാഗത്ത് പോയതായി മനസ്സിലാക്കി.
തുടർന്ന് പൊള്ളാച്ചിയിലെത്തി നടത്തിയ അന്വേഷണത്തിലാണ് വാഹനം അവിടെ നിന്നും കണ്ടെടുക്കാനായത്.മനാഫും,അൽത്താഫും കൂടിയാണ് വാഹനം മോഷ്ടിച്ചത്.വിനീത്,അനിൽകുമാർ,അബ്ദുൽ നജീബ് എന്നിവരുടെ സഹായത്തോടെയാണ് വാഹനങ്ങൾ മോഷ്ടിച്ച് നേരെ പൊള്ളാച്ചി മാർക്കറ്റിൽ പൊളിക്കാനായി കൊടുത്തത്.ഉടനെ അവിടെ വെച്ച് വാഹനങ്ങൾ പൊളിക്കുകയാണ് സംഘത്തിൻറെ രീതി.നിരവധി ലഹരി മരുന്ന് കേസുകളിലും,മോഷണ കേസുകളിലും,,ക്രിമിനൽ കേസുകളിലും അടക്കം പത്തോളം കേസിലെ പ്രതിയാണ് പിടികൂടിയ അൽത്താഫ്.
നിരവധി ചെക്ക് കേസുകളിലും,വിസ തട്ടിപ്പ് കേസിലും,സ്വർണ്ണക്കടത്ത് കേസുകളിലും അടക്കം 20 ഓളം കേസുകളിലെ പ്രതിയാണ് അബ്ദുൽ നജീബ്.കേസിലെ പ്രതിയായ മനാഫിനെ മറ്റൊരു മോഷണക്കേസിൽ മതിലകം പോലീസ് 23-ആം തിയ്യതി പിടികൂടി കോടതിയിൽ ഹാജരാക്കി ഇരിങ്ങാലക്കുട സബ്ജയിലിൽ റിമാന്റിൽ കഴിയുകയാണ്.എസ്ഐ സജീവൻ,എഎസ്ഐ മണികണ്ഠൻ, സിപിഒമാരായ ഇ.കെ.ഹംദ്,വിനോദ്,നൗഫൽ,സാഗോക്ക് ടീം അംഗങ്ങളായ പ്രദീപ്,സജിചന്ദ്രൻ,സിംസൺ,അരുൺ,സുനീപ്,ശ്രീജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു