ബുക്ക് ചെയ്ത ബസ് എത്തിയില്ല, യാത്ര മുടങ്ങി, നഷ്ടം നൽകണമെന്ന് കോടതി
തൃശൂർ : ടിക്കറ്റ് ബുക്ക് ചെയ്ത് ബസ് എത്താതെ യാത്ര മുടങ്ങിയതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി.മറ്റം ചിരിയങ്കണ്ടത്തു് വീട്ടിൽ നിഖിൽ തോമസ് ഫയൽ ചെയ്ത ഹർജിയിലാണ് ബാംഗ്ലൂരിലെ റെഡ് ബസ് ഉടമക്കെതിരെയും തൃശൂരിലെ ജബ്ബാർ ട്രാവൽസ് ഉടമക്കെതിരെയും ഇപ്രകാരം വിധിയായതു്. റെഡ് ബസ് മുഖേനെയാണ് നിഖിൽ ജബ്ബാർ ട്രാവൽസിൽ ബാംഗ്ലൂരിൽനിന്ന് തൃശൂരിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തത്. യഥാസമയം യാത്ര ചെയ്യുവാനായി നിഖിൽ സ്ഥലത്തെത്തിയെങ്കിലും ബസ് എത്തുകയുണ്ടായില്ല.
ഫോണിൽ ബന്ധപ്പെടുവാൻ ശ്രമിച്ചുവെങ്കിലും ആദ്യമൊന്നും ഫോണെടുത്തിരുന്നില്ല. അവസാനം ഫോണെടുത്തു് ട്രിപ്പ് റദ്ദ് ചെയ്തു എന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായതു്. ഹർജിക്കാരന് സംഭവിച്ച ശാരീരികവും മാനസികവുമായ വിഷമതകൾ നിരീക്ഷിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് ടിക്കറ്റിനായി ഈടാക്കിയ 699 രൂപയും നഷ്ടപരിഹാരമായി 5000 രൂപയും നല്കുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരു.ഹർജിക്കാരന് വേണ്ടി അഡ്വ ഏ.ഡി.ബെന്നി ഹാജരായി