Post Header (woking) vadesheri

പഞ്ചവടി ഉത്സവം ഞായറാഴ്ച , തുലാമാസ വാവുബലി തിങ്കളാഴ്ച

Above Post Pazhidam (working)

ചാവക്കാട്: പഞ്ചവടി ശങ്കരനാരായണക്ഷേത്രത്തില്‍ അമാവാസി ഉത്സവം ഞായറാഴ്ചയും തുലാമാസ വാവുബലിതര്‍പ്പണം തിങ്കളാഴ്ചയും നടക്കുമെന്ന് ക്ഷേത്രം പ്രസിഡന്റ് ദിലീപ്കുമാര്‍ പാലപ്പെട്ടി, സെക്രട്ടറി വിനയദാസ് താമരശ്ശേരി എന്നിവര്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. ഉത്സവദിനമായ ഞായറാഴ്ച ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ ഉണ്ടാവും. രാവിലെ എട്ടിന് ക്ഷേത്രകമ്മിറ്റിയുടെ എഴുന്നള്ളിപ്പ് അവിയൂര്‍ ചക്കനാത്ത് ഗളൂരിക ദേവിക്ഷേത്രത്തില്‍നിന്ന് പുറപ്പെടും. ഉച്ചതിരിഞ്ഞ് മൂന്നിന് എഴുന്നള്ളിപ്പ് പഞ്ചവടി സെന്ററില്‍നിന്ന് ആരംഭിക്കും. ഗജരാജന്‍ മംഗലംകുന്ന് ശരണ്‍ അയ്യപ്പന്‍ തിടമ്പേറ്റും.

Ambiswami restaurant

വടക്കുഭാഗം ഉത്സവാഘോഷ കമ്മിറ്റിയുടെ എഴുന്നള്ളിപ്പ് ഉച്ചക്ക് രണ്ടിന് നാലാംകല്ല് വാക്കയില്‍ ശ്രീഭദ്ര ക്ഷേത്രത്തില്‍നിന്നും തെക്കുഭാഗം ഉത്സവാഘോഷ കമ്മിറ്റിയുടെ എഴുന്നള്ളിപ്പ് ഉച്ചക്ക് ഒന്നിന് മുട്ടില്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തില്‍നിന്നും പുറപ്പെടും. ഇരുവിഭാഗം കമ്മിറ്റികള്‍ക്കും അഞ്ച് വീതം ആനകള്‍ എഴുന്നള്ളിപ്പിനുണ്ടാവും. ക്ഷേത്രകമ്മിറ്റിയുടെയും തെക്ക്, വടക്ക് ഉത്സവാഘോഷകമ്മിറ്റികളുടെയും എഴുന്നള്ളിപ്പുകള്‍ വൈകീട്ട് ആറരയോടെ ക്ഷേത്രത്തിലെത്തി കൂട്ടിയെഴുന്നള്ളിപ്പ് നടത്തും. രാത്രി പത്തിന് കോട്ടയം സുരഭി തിയ്യറ്റേഴ്‌സിന്റെ ”കാന്തം” നാടകാവതരണം ഉണ്ടാവും. തെക്ക്, വടക്ക് വിഭാഗങ്ങളുടെ നിലപന്തലുകളുടെ ദീപാലങ്കാരം സ്വിച്ച് ഓണ്‍ ശനിയാഴ്ച വൈകീട്ട് ഏഴിന് നടക്കും.

വാ കടപ്പുറത്ത് തിങ്കളാഴ്ച പുലര്‍ച്ചെ 2.30 മുതല്‍ ബലിതര്‍പ്പണചടങ്ങുകള്‍ ആരംഭിക്കും . കടപ്പുറത്ത് പ്രത്യേകം തയ്യാറാക്കിയ യജ്ഞശാലയില്‍ ഒരേ സമയം 1000 പേര്‍ക്ക് ബലിയിടാനുള്ള സൗകര്യമുണ്ടാവും. തിലഹവനം, പിതൃസായൂജ്യപൂജ എന്നിവ നടത്താനും സൗകര്യമുണ്ടാവും. ബലിതര്‍പ്പണദിവസം പതിനായിരം പേര്‍ക്കുള്ള സൗജന്യ പ്രഭാതഭക്ഷണമൊരുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വലിയ വാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ പ്രത്യേക പാര്‍ക്കിങ് സൗകര്യവും വസ്ത്രങ്ങളും വിലപിടിപ്പുള്ള സാധനങ്ങളും സൂക്ഷിക്കുന്നതിനുള്ള ക്ലോക്ക് റൂം സൗകര്യവും ഉണ്ടാവും. വാർത്ത സമ്മേളനത്തിൽ ക്ഷേത്രം കമ്മിറ്റി ട്രഷറര്‍ വിക്രമന്‍ താമരശ്ശേരി, ഭാരവാഹികളായ പി.ആര്‍.വാസു, കെ.എസ്.ബാലന്‍, ജയപ്രകാശ് കടമ്പുള്ളി, മനീഷ് ചന്ദനപ്പറമ്പില്‍ എന്നിവരും പങ്കെടുത്തു.

Second Paragraph  Rugmini (working)