ചാവക്കാട് ഗവ. സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച.
ഗുരുവായൂർ : ചാവക്കാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കുമെന്ന് ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കേരള പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. സ്കൂൾ അങ്കണത്തിൽ വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ ഗുരുവായൂർ എംഎൽഎ എൻ. കെ. അക്ബർ ശിലാഫലകം അനാഛാധനം ചെയ്യും. ടി എൻ പ്രതാപൻ എംപി വിശിഷ്ടാതിഥി യാകും. കിഫ്ബി ഫണ്ടിൽ നിന്നും ഒരുകോടി രൂപ വിനിയോഗിച്ചാണ് ചാവക്കാട് ഗവ. ഹൈസ്കൂൾ കെട്ടിടം നിർമ്മിച്ചത്. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയിലുൾപ്പെടുത്തിയാണ് വിദ്യാലയത്തെ മികവിന്റെ പാതയിലേക്ക് ഉയർത്തിയത്.
ഏഴ് ക്ലാസ് മുറികളും മൂന്ന് ടോയ്ലറ്റ് ബ്ലോക്കും ഒരുക്കിയിട്ടുണ്ട്. നേരത്തെ എംഎൽഎ ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിലാണ് പുതുതായി ഏഴ് ക്ലാസ് മുറികളും ടോയ്ലെറ്റും തയ്യാറാക്കിയത്. നിലവിൽ ആകെ 12 ക്ലാസ് മുറികളോടു കൂടിയ വിശാലമായ മൂന്ന് നില കെട്ടിടമാണ് കുട്ടികളുടെ പഠന നിലവാരം മെച്ചെപ്പടുത്തുന്നതിനായി തയ്യാറാക്കിയിട്ടുള്ളത്. ക്ലാസ് മുറികളും ടോയ്ലെറ്റ് ബ്ലോക്കും കൂടി 5740 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിലാണ് പണി പൂർത്തീകരിച്ചത്.
5 മുതൽ 10 വരെ ക്ലാസുകളാണ് കെട്ടിടത്തിൽ പ്രവർത്തിക്കുക. കൂടാതെ ലാബ്, ലൈബ്രറി, സ്റ്റാഫ് റൂം, ഓഫീസ് റൂം തുടങ്ങിയവയും പ്രവർത്തിക്കും. നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ്, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ എ. സായിനാഥൻ മാസ്റ്റർ, ബിന്ദു അജിത് കുമാർ,ഷൈലജ സുതൻ, സ്കൂൾ ഹെഡ്മിസ്ട്രസ് സി. പി ലിജ, പ്രിൻസിപ്പൽ പി. സീന, സ്കൂൾ പിടിഎ പ്രസിഡന്റ് എം. കെ. മുരളീധരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.