അര കോടിയോളം രൂപയുടെ ഹഷീഷ് ഓയിലുമായി രണ്ടു പേർ അറസ്റ്റിൽ
ഗുരുവായൂര്‍: അര കോടിയോളം രൂപ വിലമതിയ്ക്കുന്ന വന്‍ ലഹരി മരുന്നുമായി രണ്ടുപേരെ ഗുരുവായൂര്‍ പോലീസ് അറസ്റ്റുചെയ്തു. ചാവക്കാട് പുന്ന പുതുവീട്ടില്‍ ഷെഫീക് (36), ചാവക്കാട് ഓവുങ്ങല്‍ പള്ളിയ്ക്ക് സമീപം പണിക്കവീട്ടില്‍ ഷായി (25) എന്നിവരേയാണ് ഗുരുവായൂര്‍ എസ്.ഐ: കെ.ജി. ജയപ്രദീപും, സംഘവും ഓടിച്ചിട്ട് അതിസാഹസികമായി പിടികൂടിയത്.
ഗുരുവായൂര്‍ അസി: പോലീസ് കമ്മീഷണര്‍ കെ.ജി. സുരേഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ല പോലീസ് മേധാവി അങ്കിത് അശോകന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് അംഗങ്ങളും, ചാവക്കാട് പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നിന് പേരകം പുന്ന റോഡില്‍വെച്ച് പോലീസിനെകണ്ട് വെട്ടിച്ചുകടന്ന പ്രതികളെ പേരകം സൗപര്‍ണ്ണിക റോഡിലെ മാധവ് അപ്പാര്‍ട്ട്‌മെന്റിന് സമീപംവെച്ച് ഒന്നാംപ്രതി ഓടിച്ചിരുന്ന KL 52 4186 കാര്‍ തടഞ്ഞുനിര്‍ത്തിയാണ് പിടികൂടിയത്.
ഡ്രൈവറുടെ സീറ്റിനടിയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കുപ്പിയടക്കം 620 ഗ്രാം തൂക്കം വരുന്ന 50 ലക്ഷം വിലമതിയ്ക്കുന്ന ഹാഷിഷ് ഓയിലാണ് പോലീസ് പിടികൂടിയത്. പ്രതികള്‍ ഇതിനുമുമ്പും പലകേസുകളിലും പ്രതികളാണെന്ന് പോലീസ് അറിയിച്ചു. പ്രതികളെ പിടികൂടിയ സംഘത്തില്‍ ഡാന്‍സാഫ് അംഗങ്ങളായ എസ്.ഐ: രാഗേഷ്, സി.പി.ഓമാരായ ശരത്, അഷലിന്‍, ഗുരുവായൂര്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ കെ.ജി. ഗോപിനാഥന്‍ എന്നിവരും ഉണ്ടായിരുന്നു