ചാവക്കാട് : ലോകത്തിലെ സകല മനുഷ്യരേയും ജാതി മത ചിന്തകള്‍ക്കപ്പുറം ഒന്നാക്കുന്നതാണ് ഫുട്‌ബോള്‍ എന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍. . ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിനെ വരവേറ്റ് ചാവക്കാട് പ്രവാസി അസോസിയേഷന്‍ ഖത്തര്‍ നാല് ദിവസമായി ചാവക്കാട് നടത്തിയ സി.പി.എ ഫിഫ ഫാന്‍സ് ഫെസ്റ്റിവെല്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. താന്‍ ഒരു ഫുട്‌ബോള്‍ താരമായിരുന്നെന്നും കളി ക്കുമ്പോള്‍ ഫുട്‌ബോളിനപ്പുറം മനസ്സില്‍ മറ്റൊന്നും കടന്നു വരില്ലെന്നും മന്ത്രി പറഞ്ഞു.
കൂട്ടുങ്ങൽ ചത്വരത്തിൽ നടന്ന ചടങ്ങിൽ എന്‍.കെ.അക്ബര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.സി.പി. എ. ഗ്ലോബൽ ചെയർമാൻ അബ്ദുല്ല തെരുവത്ത് ആമുഖഭാഷണം നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ വി അബ്ദുൽ ഹമീദ് മുഖ്യാതിഥിയായി. നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക്ക്, നഗരസഭ പ്രതിപക്ഷനേതാവ് കെ വി സത്താർ, വാർഡ് കൗൺസിലർ കെ വി ഷാനവാസ്, അഡ്വ. പി. മുഹമ്മദ് ബഷീർ, ഹനീഫ് ചാവക്കാട്, കെ വി ഷാനവാസ്,അൻ മോൽ മോത്തി, സി. വി. അജയ്കുമാർ എന്നിവർ സംസാരിച്ചു.
ഖത്തർ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ഷെജി വലിയകത്ത് സ്വാഗതവും സിപിഎ ജനറൽ കൺവീനർ ഫൈസൽ കാനാമ്പുള്ളി നന്ദിയും പറഞ്ഞു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിവിധ ടീമുകളുടെ ഘോഷയാത്രയും സലീം കോടത്തൂർ പട്ടുറുമാൽ മുത്തു എന്നിവർ നയിക്കുന്ന നാസ് ഡിജിറ്റൽ ഓർക്കസ്ട്രയുടെ സംഗീത സൽക്കാരവും ഉണ്ടായി. ജനപ്രതിനിധികൾ, കൗൺസിലർമാർ, തുടങ്ങിയവർ പങ്കെടുത്തു