ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തൃപ്പുത്തരി ആഘോഷിച്ചു.
ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തൃപ്പുത്തരി ഭക്തി നിർഭരമായി ആഘോഷിച്ചു. രാവിലെ ഏഴുമണിയോടെ പന്തീരടി പൂജകളടക്കം എല്ലാ പൂജകളും നേരത്തെ പൂര്‍ത്തിയാക്കിയാണ് തൃപ്പുത്തരി പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്. ഇടിച്ചു പിഴിഞ്ഞ പുത്തരിപായസം കീഴ്ശാന്തി നമ്പൂതിരിമാര്‍ ശ്രീലകത്തെത്തിച്ചു.
പുത്തരിപ്പായസത്തോടൊപ്പം അപ്പവും, പഴംനുറുക്കും, ഉപ്പുമാങ്ങയും, കാളന്‍, എരിശ്ശേരി, പഴപ്രഥമന്‍, ഉറത്തൈര്, വെണ്ണ, വറുത്തുപ്പേരി എന്നീ വിഭവങ്ങളും ഭഗവാന്റെ നിവേദ്യ വിഭവങ്ങളില്‍ ഉണ്ടായിരുന്നു. ഉപ്പുമാങ്ങ, ക്ഷേത്രം പാരമ്പര്യ അവകാശികളായ പുതിയേടത്ത് നാരായണിക്കുട്ടി പിഷാരസ്യാരും, കാര്‍ത്തിക പിഷാരസ്യാരും, പത്തിലയും, പുത്തരി ചുണ്ടയും പാരമ്പര്യ അവകാശി കൃഷ്ണകുമാറും ക്ഷേത്രത്തിലെത്തിച്ചു.
വിശേഷ വിഭവങ്ങളോടെ ഉച്ചപൂജയ്ക്ക്, ക്ഷേത്രം തന്ത്രിമുഖ്യന്‍ ചോസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സാിധ്യത്തില്‍, മകന്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, ഭഗവാന് പുത്തരി നിവേദ്യം നടത്തി ഉച്ചപൂജ പൂര്‍ത്തിയാക്കി. ഒന്നരയോടെ ഉച്ചപൂജ കഴിഞ്ഞ് നടതുറന്നയുടന്‍ പരിവാര ദേവതകള്‍ക്ക് ഹവിസ് അര്‍പ്പിയ്ക്കാനായുള്ള ശ്രീഭൂതബലിയും നടന്നു. 13-ശാന്തിയേറ്റ കീഴ്ശാന്തി നമ്പൂതിരി കുടുംബങ്ങളിലെ നൂറിലേറെപേര്‍, രണ്ടായിരത്തിലേറെ നാളികേരം ചിരകിയെടുത്ത്, പിഴിഞ്ഞ നാളികേര പാലും, അരി, ശര്‍ക്കര, പഴം എിവയും ചേര്‍ത്താണ് 1,200-ലിറ്റര്‍ പുത്തരിപായസം ദേവസ്വം തയ്യാറാക്കിയത്.
2,20,000/-രൂപയ്ക്ക് ഭക്തര്‍ പുത്തരി പായസം ശീട്ടാക്കിയിരുന്നു. ഉച്ചയോടെ പുത്തരി പായസം ഭക്തര്‍ക്ക് വിതരണവും ചെയ്തു. ഉച്ചപൂജ കഴിഞ്ഞ് 1.45-ഓടെ ശ്രീഭൂതബലി ചടങ്ങുകള്‍ ആരംഭിച്ചു. ആന തറവാട്ടിലെ കൊമ്പൻ ഗോപി കണ്ണന്റെ പുറമേറിയ ഭഗവാന്‍ നാല് പ്രദക്ഷിണം പൂര്‍ത്തിയാക്കി രണ്ടരയോടെ ശ്രീഭൂതബലി അവസാനിച്ചു. തൃപ്പുത്തരി ചടങ്ങുകള്‍ക്ക് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍, ക്ഷേത്രം ഡെപ്യുട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പി. മനോജ്കുമാര്‍, ക്ഷേത്രം മാനേജര്‍ ഷാജുശങ്കര്‍, അസി: മാനേജര്‍മാരായ ടി.വി. ഉണ്ണികൃഷ്ണന്‍, രാമകൃഷ്ണന്‍, ഹരിദാസ്, സി. സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
ഫോട്ടോ ഉണ്ണി ഭാവന