Madhavam header
Above Pot

മുക്കുപണ്ടം പണയം വെച്ച് എസ് ബി ഐ യിൽ നാലര ലക്ഷം രൂപ തട്ടിയ പ്രതി അറസ്റ്റിൽ

ചാവക്കാട്: കാര്‍ഷികാവശ്യത്തിനെന്ന് കാണിച്ച് എസ് ബി ഐ ബാങ്കില്‍നിന്നും 26 പവന്‍ തൂക്കത്തിന്റെ മുക്കുപണ്ടം പണയം വെച്ച് നാലര ലക്ഷം രൂപ തട്ടിയെടുത്ത പ്രതിയെ പോലീസ് അറസ്റ്റുചെയ്തു.കടപ്പുറം മാട്ടുമ്മല്‍ കായക്കോല്‍ വീട്ടില്‍ മുജീബ് റഹ്മാനെ(36)യാണ് ചാവക്കാട് എസ്.എച്ച്.ഒ. വിപിന്‍ കെ. വേണുഗോപാലിന്റെ നേതൃത്വത്തില്‍ വയനാട് ജില്ലയിലെ വെള്ളിമുണ്ടയില്‍നിന്നും പിടികൂടിയത്. 2019-ലാണ് പ്രതി കാര്‍ഷികവായ്പയെന്ന നിലയില്‍ മുക്കുപണ്ടം പണയം വെച്ച് ബാങ്കില്‍നിന്നും പണം കൈവശപ്പെടുത്തിയത്.എന്നാല്‍ പണയപണ്ടം തിരിച്ചെടുക്കുകയോ വായ്പ പുതുക്കുകയോ ചെയ്യാഞ്ഞതിനെ തുടര്‍ന്ന് മുജീബ് റഹ്മാനെ തേടി ബാങ്ക് അധികൃതര്‍ മാട്ടുമ്മല്‍ ഉള്ള വീട്ടിലെത്തി അന്വേഷണം നടത്തി.

Astrologer

അന്വേഷണത്തില്‍ ഇയാള്‍ കുറേ നാളായി നാട്ടില്‍ വരാറില്ലെന്ന് മനസിലായി. തുടര്‍ന്ന് പണയപണ്ടം ലേലത്തിന് വയ്ക്കുന്നതിന് വേണ്ടി വീണ്ടും പരിശോധിച്ചപ്പോഴാണ് പണയാഭരണങ്ങള്‍ ഒരു ഗ്രാം സ്വര്‍ണ്ണം പൊതിഞ്ഞ മുക്കുപണ്ടങ്ങളാണെന്ന് വ്യക്തമായത്. തുടര്‍ന്ന് ചാവക്കാട് പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി വയനാട് വെള്ളിമുണ്ടയില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന് ഗുരുവായൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ജി. സുരേഷിന് രഹസ്യവിവരം ലഭിച്ചത്.

പ്രതി സമാനമായ രീതിയില്‍ മറ്റ് ബാങ്കുകളിലും ഇത്തരം തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. സബ് ഇന്‍സ്‌പെക്ടറായ കെ.വി.വിജിത്ത്, പി. കണ്ണന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രഭാത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ രജനീഷ്, പ്രശോഭ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Vadasheri Footer