ദേശീയ ജ്യോതിഷ സെമിനാര്‍ 16-ന് ഗുരുവായൂരിൽ.
ഗുരുവായൂര്‍: പൈതൃകം ഗുരുവായൂരിന്റെ നേതൃത്വത്തിൽ 16-ന് ഗുരുവായൂരിൽ ദേശീയ ജ്യോതിഷ സെമിനാറും, അദ്ധ്യാപകനും, ഗ്രന്ഥകാരനും, അഭിഭാഷകനുമായിരുന്ന എന്‍.വി. രാഘവാചാരി എഴുതിയ ”നക്ഷത്രസിദ്ധാന്തം” എന്ന ജ്യോതിഷ വിജ്ഞാന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷയുടെ പ്രകാശനവും നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റഷ്യൻ ഭാഷയിലടക്കം വിവിധ ഭാഷകളിലേക്ക് പരിഭാഷ പ്പെടുത്തിയിട്ടുള്ള പുസ്തകത്തിന്റെ മലയാള പരിഭാഷ ”രാഘവാചാര്യം” ഡോ: ഹേമലത എ. കൃഷ്ണന്‍ ആണ് നിർവഹിച്ചിട്ടുള്ളത്
ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് മൂന്നുമണിയ്ക്ക്, ഗുരുവായൂര്‍ നഗരസഭ ലൈബ്രറി ഹാളില്‍ ഗുരുവായൂര്‍ ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാടും, ഗുരുവായൂര്‍ ക്ഷേത്രം തന്ത്രിചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടും, ചേര്‍ന്ന് ഭദ്രദീപം തെളിയിയിച്ച് ചടങ്ങുകള്‍ക്ക് ആരംഭം കുറിയ്ക്കും. ചടങ്ങില്‍ വേദപണ്ഡിതനും, അദ്ധ്യാപകനുമായ തൃശ്ശൂര്‍ തെക്കേമഠം വടക്കുമ്പാട്ട് നാരായണന്‍, പൈതൃകം ഗുരുവായൂരിന്റെ പ്രസിഡണ്ട് അഡ്വ: സി. രാജഗോപാലന് ആദ്യ പ്രതി നല്‍കി പ്രകാശനം നിര്‍വ്വഹിയ്ക്കും. ഗുരുവായൂര്‍ ദേവസ്വം ജ്യോതിഷ പഠനകേന്ദ്രം പ്രിന്‍സിപ്പല്‍ കുറ്റനാട് കെ.എസ്. രാവുണ്ണിപണിക്കര്‍ അദ്ധ്യക്ഷത വഹിയ്ക്കുന്ന ചടങ്ങ്, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ. വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിയ്ക്കും.
തുടര്‍ന്ന് നടക്കുന്ന സെമിനാറില്‍ ”നക്ഷത്രസിദ്ധാന്തം” എന്ന വിഷയത്തെ ആസ്പദമാക്കി രാഘവാചാരിയുടെ പുത്രനും, പ്രശസ്ത ജ്യോതിഷിയും, ഗ്രന്ഥകാരനും, അദ്ധ്യാപകനുമായ ഡോ: എന്‍.വി.ആര്‍.എ രാജ മുഖ്യ പ്രബന്ധവും, തൃശ്ശൂര്‍ ടി.ഐ.ആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോളജി ചെയര്‍മാന്‍ എം. ഹരിദാസ് ”പൊരുത്തശോധനയിലെ പുതുചിന്തകള്‍” എന്ന വിഷത്തെ ആസ്പദമാക്കി പ്രബന്ധവും അവതരിപ്പിയ്ക്കും. ജ്യോതിഷ പണ്ഡിതനും, അദ്ധ്യാപകനുമായ എടപ്പാള്‍ സി.വി. ഗോവിന്ദന്‍ മാസ്റ്റര്‍, സെമിനാറില്‍ മോഡറേറ്ററാകും.
പൈതൃകം ഗുരുവായൂരിന്റെ കോ: ഓഡിനേറ്റര്‍ അഡ്വ: രവി ചങ്കത്ത്, പുറനാട്ടുകര കേന്ദ്ര സംസ്‌കൃത സര്‍വ്വകലാശാല അസി: പ്രൊഫസര്‍ ഡോ: പി.കെ. ശ്രീനിവാസന്‍, കുട്ടനെല്ലൂര്‍ ഗവ: കോളേജ് അസി: പ്രൊഫസര്‍ ഡോ: ഉണ്ണികൃഷ്ണന്‍ തെക്കേപ്പാട്ട്, ഗുരുവായൂര്‍ ദേവസ്വം ചുമര്‍ചിത്ര പഠനകേന്ദ്രം പ്രിന്‍സിപ്പല്‍ ഡോ: കെ.യു. കൃഷ്ണകുമാര്‍, ഗുരുവായൂര്‍ ദേവസ്വം കലാനിലയം സൂപ്രണ്ട് ഡോ: മരളി പുറനാട്ടുകര, മിനി സരസമ്മ (ജെ.കെ.ആര്‍.എ.ആര്‍.എഫ്, സെക്കന്ദരാബാദ്) എന്നിവര്‍ സംസാരിയ്ക്കും. പൈതൃകം ഗുരുവായൂര്‍ കോ: ഓഡിനേറ്റര്‍ അഡ്വ: രവി ചങ്കത്ത്, പ്രൊഫ: നാരായണന്‍ മാസ്റ്റര്‍, മധു കെ. നായര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു