Madhavam header
Above Pot

കൽപറ്റയിൽ ആയിരങ്ങളെ അണിനിരത്തി യു.ഡി.എഫ്​ പ്രതിഷേധ റാലി

കൽപറ്റ: കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി എം.പിയുടെ കൽപറ്റയിലെ ഓഫിസ്​ എസ്.എഫ്.ഐ പ്രവർത്തകർ അടിച്ചുതകർത്തതിൽ ​പ്രതിഷേധിച്ച് . ശനിയാഴ്ച കൽപറ്റയിൽ ആയിരങ്ങളെ അണിനിരത്തി യു.ഡി.എഫ്​ പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. കോൺഗ്രസിന്‍റെ ദേശീയ-സംസ്ഥാന നേതാക്കളും ഘടകകക്ഷി നേതാക്കളും അണിനിരന്ന റാലിയിൽ പ്രതിഷേധം ഇരമ്പി. വിഷയം രാഷ്ട്രീയമായി നേരിടാനാണ് പാർട്ടി നീക്കം. കൽപറ്റ കൈനാട്ടിയിലെ എം.പി ഓഫിസിലേക്ക്​ ശനിയാഴ്ച രാവിലെ മുതൽ യു.ഡി.എഫ്​ നേതാക്കളെത്തി.

Astrologer

രാവിലെ പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ അടക്കം ​യു.ഡി.എഫ്​ നേതാക്കൾ ഓഫിസ്​ സന്ദർശിച്ചു. പ്രവർത്തകരും രാവിലെ മുതൽ ഓഫിസ്​ പരിസരത്ത്​ തമ്പടിച്ചു. പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.വൈകീട്ട് മൂന്നിനാണ് എം.പി ഓഫിസിൽനിന്ന്​ കൽപറ്റ നഗരത്തിലേക്ക് പ്രതിഷേധ റാലി ആരംഭിച്ചത്.​ നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ 3000ത്തിലധികം പേർ അണിനിരന്നു​. ഇതിനിടെ പലതവണ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ നിയന്ത്രിക്കാൻ നേതാക്കളും പൊലീസും പാടുപെട്ടു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ​ യു.ഡി.എഫ്​ പ്രവർത്തകർ റാലിയിൽ അണിനിരന്നു.

മുഖ്യമന്ത്രിക്കും സി.പി.എമ്മിനും പൊലീസിനുമെതിരെ രൂക്ഷമായ മുദ്രാവാക്യം മുഴങ്ങിയ റാലി 4.30ഓടെയാണ്​ ചുങ്കത്തെ പൊതുയോഗ വേദിയിലെത്തിയത്​. ക്രമസമാധാന പാലനത്തിനായി ഉന്നത പൊലീസ്​ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൻ പൊലീസ്​ സേനയെയാണ്​ വിന്യസിച്ചത്​. റാലിക്കിടെ ഒരു വിഭാഗം പ്രവർത്തകർ ദേശാഭിമാനി ജില്ല ബ്യൂറോക്ക്​ ​നേരെ കല്ലെറിഞ്ഞു. പൊതുയോഗം എ.ഐ.സി.സി ജനറൽ ​സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്​ഘാടനം ചെയ്തു.

യു.ഡി.എഫ്​​ വയനാട്​ ജില്ല കൺവീനർ പി.പി.എ. കരീം അധ്യക്ഷത വഹിച്ചു. കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരൻ, യു.ഡി.എഫ്​ നേതാക്കളായ പി.എം.എ. സലാം, എം.പിമാരായ കെ. മുരളീധരൻ, രമ്യ ഹരിദാസ്​, ടി.എൻ. പ്രതാപൻ, എം.കെ. രാഘവൻ, എം.എൽ.എമാരായ ടി. സിദ്ദീഖ്​, ഐ.സി. ബാലകൃഷ്ണൻ, ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ, മാത്യു കുഴൽനാടൻ, മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, കെ.എം. ഷാജി, കെ.എൽ. പൗലോസ്​ തുടങ്ങിയവർ സംബന്ധിച്ചു. യു.ഡി.എഫ്​ ജില്ല ചെയർമാൻ എൻ.ഡി. അപ്പച്ചൻ സ്വാഗതം പറഞ്ഞു

Vadasheri Footer