തൃശൂർ : പാണഞ്ചേരിയിൽ വെസ്റ്റ്നൈൽ പനി ബാധിച്ച് രോഗിമരിക്കാനിടയായ സംഭവത്തിൽ ചികിൽസിച്ച തൃശൂരിലെ സ്വകാര്യ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. പാണഞ്ചേരി പയ്യനം പുത്തൻപുരയിൽ വീട്ടിൽ ജോബി ആണ് ഇന്ന് മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ മരിച്ചത്. അസുഖ ബാധിതനായി ഒന്നര മാസത്തോളമായി ആശുപത്രികളിലായിരുന്നിട്ടും ചികിത്സ നടത്തിയ സ്വകാര്യ ആശുപത്രിക്ക് രോഗം കണ്ട് പിടിക്കാനായില്ലെന്ന് കുടുംബം ആരോപിക്കുന്നു. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ജോബിക്ക് ശനിയാഴ്ചയാണ് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചത്.
ഏപ്രിൽ 19 നാണ് ജോബിക്ക് പനി ബാധിച്ചത്. തുടർന്ന് തൃശൂർ സൺ ആശുപത്രിയിൽ ചികിത്സ തേടി. ഒരു മാസത്തിലധികം നീണ്ട ചികിത്സക്ക് ശേഷവും രോഗം കണ്ടെത്താനായില്ല. രണ്ട് ദിവസം മുൻപ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചപ്പോഴാണ് വെസ്റ്റ് നൈൽ പനിയാണ് കണ്ട് പിടിച്ചത്. എട്ടര ലക്ഷം രൂപ ചികിത്സക്കായി ഈടാക്കിയ സ്വകാര്യ ആശുപത്രിയാണ് ജോബിയുടെ മരണത്തിന് കാരണക്കാരെന്ന് ജോബിയുടെ സഹോദരൻ ജിമ്മി പറയുന്നു. ജോബിയെ പരിചരിച്ച രണ്ട് ആരോഗ്യ പ്രവർത്തകർ അടക്കം മൂന്ന് പേർ നിരീക്ഷണത്തിലാണ്.
പ്രദേശത്ത് രോഗകാരിയായ ക്യൂലക്സ് കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പനി, തലവേദ, ഛർദി, വയറുവേദന, വയറിളക്കം എന്നിവയാണ് രോഗ ലക്ഷണങ്ങൾ. തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന ഈ രോഗം പക്ഷാഘാതം, അപസ്മാരം, ഓർമ്മ കുറവ് എന്നിവയ്ക്കും കാരണമാകും. ആരോപണ വിധേയരായ ആശുപത്രി നേരത്തെയും ചികിൽസാകൊള്ളയിൽ വിവാദത്തിലായിരുന്നു. രോഗമറിയാതെ ചികിൽസയുടെ പേരിൽ ലക്ഷങ്ങൾ തട്ടിയെടുക്കുക മാത്രമല്ല, രോഗിയെ മരണത്തിലേക്കും തള്ളിവിട്ടുവെന്നാണ് ആക്ഷേപം. ആശുപത്രിക്കെതിരെ അന്വേഷണവും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.