സമസ്ത വേദിയിൽ സമ്മാനം വാങ്ങാനെത്തിയ പെൺകുട്ടിയെ വിലക്കിയ സംഭവം സങ്കടകരം: ഷീന ഷുക്കൂര്‍.
തിരുവനന്തപുരം: സമസ്ത വേദിയിൽ സമ്മാനം വാങ്ങാനെത്തിയ പെൺകുട്ടിയെ വിലക്കിയ സംഭവം സങ്കടകരമെന്ന് എം ജി സര്‍വ്വകലാശാല പ്രൊ വൈസ് ചാന്‍സിലര്‍ ഷീന ഷുക്കൂര്‍. പെണ്‍കുട്ടികളെ പൊതുവേദിയിലേക്ക് വിളിക്കാന്‍ ചിലര്‍ ഭയപ്പെടുന്നു. തുല്യത കഴിഞ്ഞേ ഭരണഘടന മതത്തിന് പ്രാധാന്യം നല്‍കുന്നു. മതങ്ങളില്‍ സ്ത്രീവിരുദ്ധത ഉണ്ടെന്നും ഷീന ഷുക്കൂര്‍ ചാനൽ ചർച്ചയിൽ പറഞ്ഞു.
സമസ്ത വേദിയിൽ പെൺകുട്ടിയെ വിലക്കിയ മുശാവറ അംഗത്തെ പിന്തുണച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസ് രംഗത്തെത്തിയിരുന്നു. മുസ്‌ലിയാരെ വികലമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവരുടെ ലക്ഷ്യം ഒറ്റപ്പെടുത്തണം. ഇപ്പോൾ നടക്കുന്ന വിമർശനങ്ങൾ നിഷ്കളങ്കമായ ഒന്നല്ലെന്നും പി കെ നവാസ് ഫേസ്ബുക്കില്‍ കുറിച്ചു. സമസ്ത വേദിയില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനമില്ലെന്നാണ് മുഷാവറ അംഗം എം ടി അബ്ദുള്ള മുസ്‍ലിയാര്‍ ഇന്നലെ പറഞ്ഞത്. മലപ്പുറത്ത് മദ്രസ കെട്ടിട ഉദ്ഘാടന ചടങ്ങിനിടെ ഉപഹാരം വാങ്ങാന്‍ പത്താംതരം വിദ്യാര്‍ത്ഥിനിയെ ക്ഷണിച്ചപ്പോഴായിരുന്നു എം ടി അബ്ദുള്ള മുസ്‍ലിയാരുടെ ഇടപെടല്‍. പെണ്‍കുട്ടികളെ പൊതുവേദിയിലേക്ക് ക്ഷണിച്ചതിന് അബ്ദുള്ള മുസ്‍ലിയാര്‍ സംഘാടകരെ രൂക്ഷമായ ഭാഷയിലാണ് ശാസിച്ചത്.
ഇനി മേലില്‍ പെണ്‍കുട്ടികളെ സമസ്തയുടെ പൊതുവേദിയിലേക്ക് ക്ഷണിച്ചാല്‍ കാണിച്ചുതരാം എന്നാണ് സംഘാടകരെ എം ടി അബ്ദുള്ള മുസ്‍ലിയാര്‍ ശാസിച്ചത്. എന്നാല്‍ വീഡിയോ വിവാദമായതോടെ പ്രതികരിക്കാന്‍ സമസ്ത നേതാക്കള്‍ തയ്യാറായില്ല. ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു മദ്രസ കമ്മിറ്റി സെക്രട്ടറിയുടെ പ്രതികരണം. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കൂടിയായ എം ടി അബ്ദുള്ള മുസ്‍ലിയാരുടെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാണ്.
കാണുന്ന വീഡിയോ വച്ച് അബ്ദുള്ള മുസലിയാരെ മോശക്കാരനാക്കരുതെന്ന് അദ്ദേഹത്തെ പിന്തുണച്ച് പികെ നവാസ് പറഞ്ഞു. ഇത് സംഭവിച്ചത് സ്വകാര്യ പരിപാടിക്കിടെയാണ്. സോഷ്യല്‍മീഡിയയില്‍ അദ്ദേഹത്തെ അധിക്ഷേപിച്ചും വ്യക്തിഹത്യ ചെയ്തും പലരും സംസാരിക്കുന്നെന്നും നവാസ് പറഞ്ഞു.