വിഷുക്കണി ദർശനത്തിനായി ഗുരുവായൂരിലേക്ക് ഭക്തരുടെ ഒഴുക്ക്
ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിന് വ്യാഴാഴ്ച വൈകീട്ട് മുതൽ തന്നെ ഭക്തരുടെ ഒഴുക്കായിരുന്നു . ഭക്തജന ബാഹുല്യം കാരണം രാത്രി ക്ഷേത്ര നട അടയ്ക്കുന്നതിന് മുൻപ് തന്നെ ക്യൂ കോംപ്ലെക്സിലേക്ക് ഭക്തരെ കയറ്റി നിറുത്തി . പലരും കൈകുഞ്ഞുങ്ങളുമായാണ് രണ്ടര മണിക്ക് തുടങ്ങുന്ന കണി ദർശനത്തിനായി വരിയിൽ സ്ഥാനം പിടിച്ചത് . . മേൽശാന്തി തിയ്യന്നൂർ ടി.എം ക ഷ്ണചന്ദ്രൻ നമ്പൂതിരി പുലർച്ചെ രണ്ടിന് മുറിയിൽ കണി കണ്ടതിന് ശേഷം തീ ർഥകുളത്തിൽ കുളിച്ചെത്തി ശ്രീലക വാ തിൽ തുറന്ന് ഗുരുവായുരപ്പനെ കണി കാണിക്കും . തുടർന്ന് 2.30 മുതൽ 3.30 വരെയാണ് ഭക്തർക്ക് വിഷുക്കണി ദർശനം .
വ്യാഴാഴ്ച രാത്രി അത്താഴപ്പൂജക്കുശേഷം കീഴ്ശാന്തി നമ്പൂതിരിമാർ ചേർന്ന് ക്ഷേത്ര മുഖ മണ്ഡപത്തിൽ കണി ഒരുക്കും . ഓട്ടുരുളിയിൽ ഉണക്കലരി , പുതുവസ്ത്രം , ഗ്രന്ഥം , സ്വർണം , വാൽക്കണ്ണാടി , കണികൊന്ന , വെള്ളരി , ചക്ക , മാങ്ങ , പഴങ്ങൾ , നാളികേരം എന്നിവയാണ് കണിക്കോപ്പുകൾ . പുലർച്ചെ 2.15 ന് മുഖമണ്ഡപത്തിലെ വിളക്കുകൾ തെളിയിക്കും.നാളികേരമുറിയിൽ നെയ് വിളക്ക് തെളിയിച്ചശേഷം മേൽശാന്തി ഗുരവായുരപ്പനെ കണികാണിക്കും . തുടർന്ന് ഗുരുവായുരപ്പന്റെ തങ്ക തിടമ്പ് സ്വർണ സിംഹാസനത്തിൽ ആലവട്ടം വെഞ്ചാമരം എന്നിവ കൊണ്ടലങ്കരിച്ചു വയ്ക്കും .
വിഷു കണി കാണാനായി കണ്ണടച്ചും കണ്ണുകെട്ടിയും നില്‍ക്കുന്ന ഭക്തര്‍ ശ്രീകോവിലിനു മുന്നിലെത്തി കണ്ണുതുറന്ന് കണ്ണനെ കണികണ്ട് കാണിക്കയര്‍പ്പിക്കും. നാലമ്പലത്തിനകത്ത് പ്രദക്ഷിണം വച്ച് ഗണപതിയെ വണങ്ങി പുറത്തുകടന്ന് ഭഗവതിയേയും അയ്യപ്പനേയും തൊഴുത് പ്രദക്ഷിണമായി പുറത്തുകടന്നാല്‍ കണിദര്‍ശനം പൂര്‍ത്തിയാകും. കണി ദര്‍ശനം കഴിഞ്ഞവര്‍ക്ക് മേല്‍ശാന്തി വിഷുക്കൈനീട്ടം നല്‍കും. രാത്രി വിഷു വിളക്ക് സമ്പൂര്‍ണ നെയ് വിളക്കായാണ് ആഘോഷിക്കുന്നത്. ഇടയ്ക്ക നാദസ്വരത്തോടെ വിളക്കാചാരം, ചൊവ്വല്ലൂര്‍ മോഹനന്റെ മേളത്തോടെ എഴുന്നള്ളിപ്പ് എന്നിവയുണ്ടാകും. ഭക്തര്‍ക്ക് വിഷുസദ്യയും നല്‍കും