ഗുരുവായൂര്‍ റെയില്‍വെ മേല്‍പ്പാല നിര്‍മ്മാണം ജൂലായ് 31ന്പൂർത്തീകരിക്കും.
ഗുരുവായൂർ : ഗുരുവായൂര്‍ റെയില്‍വെ മേല്‍പ്പാല നിര്‍മ്മാണം ജൂലായ് 31ന് പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയുന്നതിനായി എന്‍.കെ.അക്ബര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ നടന്ന പ്രതിമാസ യോഗത്തിലാണ് തീരുമാനം. ഇതിനായി കഴിഞ്ഞ അവലോകന യോഗത്തില്‍ തീരുമാനിച്ചതു പ്രകാരമുള്ള പ്രവര്‍ത്തന കലണ്ടര്‍ അവതരിപ്പിച്ചു. പ്രവര്‍ത്തന കലണ്ടര്‍ പ്രകാരമുള്ള ഓരോ പ്രവൃത്തികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കും. തുണുകള്‍ നിര്‍മ്മാണം മെയ് 31ന് പൂര്‍ത്തിയാക്കും.
ട്രിച്ചിയില്‍ നിര്‍മ്മാണം നടന്ന് കൊണ്ടിരിക്കുന്ന ഗർഡറുകൾ കൊണ്ട് വന്ന് സ്ഥാപിക്കും. പാളത്തിന് മുകളിലെ ഭാഗത്ത് പാലം നിര്‍മ്മിക്കുന്നതിന് റെയില്‍വേയുടെ സാങ്കേതിക അനുമതി വേണം. ഇതിനായി സ്ട്രക്ച്ചറും ഡിസൈനും തയ്യാറാക്കി റെയില്‍വെയുടെ അനുമതി ലഭ്യമാക്കിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. പൈല്‍ ക്യാപ്പ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി സര്‍വ്വീസ് റോഡ് എത്രയും വേഗം തുറന്ന് കൊടുക്കാന്‍ എം.എല്‍.എ നിര്‍ദ്ദേശിച്ചു.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍ എന്നീ വകുപ്പുകള്‍ പ്രവൃത്തികള്‍ സമയബന്ധിതമയി പൂര്‍ത്തീകരിച്ചതായി യോഗം വിലയിരുത്തി.തുടര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി മെയ് 3 ന് യോഗം ചേരും. നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ്, തഹസില്‍ദാര്‍ എം.സന്ദീപ്, മുനിസിപ്പല്‍ എഞ്ചിനീയര്‍ ഇ.ലീല, നഗരസഭ സെക്രട്ടറി ബീന എസ്.കുമാര്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.