സാമൂഹ്യവനവൽക്കരണത്തിന് ഗുരുവായൂർ ദേവസ്വത്തിന്റെ പുതിയ മാതൃക !
ഗുരുവായൂർ : സാമൂഹ്യവനവൽക്കരണത്തിന് ഗുരുവായൂർ ദേവസ്വത്തിന്റെ പുതിയ മാതൃക ശ്രേദ്ധേയമാകുന്നു . കിഴക്കേ നടയിൽ ദേവസ്വത്തിന്റെ കൗസ്‌തുഭം റസ്റ്റ് ഹൗസിന്റെ മുകളിൽ രണ്ടു വർഷത്തെ വളർച്ചയുള്ള ആൽമരമാണ് മുറിച്ചു കളയാതെ സംരക്ഷിച്ചു പോരുന്നത് . ഗുരുവായൂരിലെ പൊതു പ്രവർത്തകർ ദേവസ്വത്തിന്റെ ഉന്നത ഉദ്യോഗസ്ഥനെ വിവരം ധരിപ്പിച്ചതിനെ തുടർന്ന് അദ്ദേഹം ദേവസ്വം ആരോഗ്യ വിഭാഗത്തിന് മരം മുറിച്ചു മാറ്റാൻ നിർദേശം നൽകിയിരുന്നു .
ആരോഗ്യ വകുപ്പ് പരിശോധനയിൽ മരം മുറിക്കാനുള്ള സംവിധാനങ്ങൾ തങ്ങൾക്കില്ലെന്ന് ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വിഭാഗത്തിന് കത്ത് നൽകി . പൊതു മരാമത്ത് വിഭാഗം വിഷയം പഠിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോഴേക്കും മാസങ്ങളോ അതോ വർഷമോ തന്നെ പിന്നിടുമെന്നാണ് അറിയുന്നത് . ഇതിനിടയിൽ മരം നല്ലപോലെ വളർന്ന് കെട്ടിടത്തിന് വിള്ളൽ ഉണ്ടായാൽ അത് നന്നാക്കാനുള്ള എസ്റ്റി മേറ്റും കരാറും ആണ് കൂടുതൽ ഗുണകരമാകുക എന്ന ചിന്തയും പൊതു മരാമത്ത് വിഭാഗത്തിലെ ചിലർക്കുണ്ടത്രെ .
വർഷങ്ങൾക്ക് മുൻപ് ആന കോട്ടയിൽ 20,000 രൂപക്ക് നിർമിച്ച കിണറിന് ഒന്നേകാൽ ലക്ഷത്തോളം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറക്കിയവരാണ് ദേവസ്വം പൊതുമരാമത്ത് വിഭാഗം. കോവിഡ് മഹാമാരി കാലത്ത് ക്വറന്റീൻ കേന്ദ്രമാക്കാൻ ആരോഗ്യ വകുപ്പിന് അന്നത്തെ ദേവസ്വം ഭരണാധികാരികൾ കൗസ്‌തുഭം റസ്റ്റ് ഹൗസ് സൗജന്യമായി വിട്ട് കൊടുത്തിരുന്നു . ഒരു വർഷത്തിലധികം കഴിഞ്ഞു കെട്ടിടം തിരിച്ചു കിട്ടിയപ്പോൾ ഉപയോഗ ശൂന്യമായ അവസ്ഥയിൽ ആയിരുന്നു , വൻ തുക ദേവസ്വം ചിലവാക്കിയാണ് വാടക ക്കാർക്ക് താമസിക്കാൻ കഴിയുന്ന അവസ്ഥയിലേക്ക് മാറ്റിയത്. ഭക്തരുടെ വഴിപാട് പണം ധൂർത്തടിക്കുന്നതിൽ മത്സരിക്കുകയാണ് ഭരണാധികാരികൾ എന്നാണ് ആക്ഷേപം.