ഗുരുവായൂര്‍ : ലോകപ്രശസ്ത ഭാഗവതോത്തമ പ്രേമ പാണ്ഢുരംഗയുടെ പേരിൽ ഏര്‍പ്പെടുത്തിയ പ്രഥമ ”ഭാഗവത രത്‌ന”പുരസ്‌ക്കാരം 2022, കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസിയിലെ ഡോക്ടര്‍ കെ.ജി. രവീന്ദ്രന് സമ്മാനിയ്ക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഗുരുവായൂര്‍ ക്ഷേത്രം തന്ത്രിമുഖ്യന്‍ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ അദ്ധ്യക്ഷതയില്‍ ശബരി ഗ്രൂപ്പ് ചെയര്‍മാന്‍ പി.ശശികുമാര്‍, ഗുരുവായൂര്‍ ദേവസ്വം ചാര്‍ട്ടേര്‍ഡ് എക്കൗണ്ടന്റ് ഈശ്വരപിള്ള, ഗുരുവായൂര്‍ ദേവസ്വം മുന്‍ ഭരണസമിതിയംഗം കെ. ശിവശങ്കരന്‍, ഗുരുവായൂര്‍ ഭാഗവത സത്രസമിതി ജനറല്‍ സെക്രട്ടറി ടി.ജി. പത്മനാഭന്‍ നായര്‍, ഭാഗവത സത്രസമിതി പ്രസിഡണ്ട് കൊല്ലം എസ്. നാരായണന്‍, ഗുരുവായൂര്‍ ക്ഷേത്രം മുന്‍ മേല്‍ശാന്തി ഏഴിക്കോട് ശശി നമ്പൂതിരി, ഭാഗവത സത്രസമിതി ഖജാന്‍ജി അംബുജാക്ഷന്‍ നായര്‍ തുടങ്ങിയവരുടെ നിര്‍ണ്ണയ കമ്മറ്റിയാണ് പുരസ്‌ക്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
ശ്രീഗുരുവായൂരപ്പന്റെ ചിത്രം ആലോഖനംചെയ്ത തങ്കപതക്കവും, ഇരുപത്തയ്യായിരും രൂപയും, ഫലകവും, പൊന്നാടയും അടങ്ങുന്നതാണ് ”ഭാഗവത രത്‌ന”പുരസ്‌ക്കാരം. ഈമാസം 16-ന് ഞായറാഴ്ച്ച വൈകീട്ട് നാലിന് ഗുരുവായൂര്‍ ഭാഗവത സത്രസമിതി ആസ്ഥാന മന്ദിരത്തില്‍വെച്ച് കൊല്‍ക്കത്ത മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ പുരസ്‌ക്കാരം സമ്മാനിയ്ക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ഗുരുവായൂര്‍ ക്ഷേത്രം തന്ത്രിമുഖ്യന്‍ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, ഭാഗവത സത്രസമിതി ജനറല്‍ സെക്രട്ടറി ടി.ജി. പത്മനാഭന്‍ നായര്‍ എന്നിവര്‍ അറിയിച്ചു.