
മമ്മിയൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ഡിസം: 27-മുതല്‍ അതിരുദ്ര മഹായജ്ഞം.

ഗുരുവായൂര്‍: മമ്മിയൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തില്‍, ചരിത്രത്തില്‍ ആദ്യമായി മൂന്നാം അതിരുദ്ര മഹായജ്ഞം സങ്കീര്‍ണ്ണമായ താന്ത്രിക ചടങ്ങുകളോടെ നടത്തുന്നു. ഡിസം: 27-മുതല്‍ ജനുവരി 6-കൂടിയ ദിവസങ്ങളില്‍ നടത്തപ്പെടുന്ന അതിരുദ്ര മഹായജ്ഞത്തിന്, ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിയ്ക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പവിത്രമായ അനുഷ്ഠാനങ്ങള്‍കൊണ്ട് സങ്കീര്‍ണ്ണവും, വൈവിധ്യ പൂര്‍ണ്ണവുമായ അതിരുദ്ര മഹായജ്ഞത്തില്‍ യജ്ഞ ശാലയിലെ 11-ഖണ്ഡങ്ങളില്‍ ഒന്നില്‍ 11-എന്ന കണക്കില്‍ 121-കലശങ്ങളില്‍ പാല്‍, തൈര്, നെയ്യ്, തേന്‍, പഞ്ചഗവ്യം, ചെറുനാരങ്ങനീര്‍, കരിമ്പിന്‍നീര്‍, ഇളനീര്‍, നല്ലെണ്ണ, പഞ്ചാമൃതം, അഷ്ടഗന്ധം എന്നീ ശ്രേഷ്ട ദ്രവ്യങ്ങള്‍ നിറച്ച് ഓരോ ഗണ്ഡത്തിലും 11-കലശങ്ങള്‍ക്ക് ചുറ്റും 11-വീതം വേദജ്ഞര്‍ ഇരുന്ന ശ്രീരുദ്രജപം പൂര്‍ത്തിയാക്കി മഹാദേവന് അഭിഷേകം ചെയ്യും. 11-ാംദിവസം ജനുവരി 6-ന് യജ്ഞശാലയിലെ ഹോമകുണ്ഠത്തില്‍ നെയ്യ് ധാരമുറിയാതെ ഹോമിയ്ക്കുന്ന വസോര്‍ധാരയോടെ യജ്ഞത്തിന് സമാപനമാകും.

ഡിസം: 26-ന് വൈകീട്ട് 6-ന്, മമ്മിയൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ജി.കെ. ഹരിഹരകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സാംസ്‌ക്കാരിക സമ്മേളനം പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും, ദേശീയ സെമിനാര്‍ പ്രശസ്തകവി പ്രൊ: വി. മധുസൂദനന്‍ നായരും ഉദ്ഘാടനം ചെയ്യും. അതിരുദ്ര മഹായജ്ഞത്തോടനുബന്ധിച്ച് വേദം, സംസ്‌കൃതം, ക്ഷേത്രകല എന്നീ വിഭാഗങ്ങളില്‍ ഏര്‍പ്പെടുത്തിയ വേദപണ്ഡിത പുരസ്‌ക്കാരം നാറാത്ത് രവീന്ദ്രന്‍ നമ്പൂതിരിയ്ക്കും, സംസ്‌കൃത പുരസ്‌ക്കാരം വി. രാമകൃഷ്ണഭട്ടിനും, ക്ഷേത്രകല പുരസ്‌ക്കാരം മാങ്ങോട് അപ്പുണ്ണി തരകന്‍ എന്നിവര്‍ക്കും ചടങ്ങില്‍ സമ്മാനിയ്ക്കും. 10,000/-രൂപയും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. ജനുവരി 6-ന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം, എന്‍.കെ. അക്ബര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
അതിരുദ്ര മഹായജ്ഞത്തോടനുബന്ധിച്ച് 11-ദിവസങ്ങളിലും ക്ഷേത്രാങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ രാവിലെ 9-മുതല്‍ ഭക്തി പ്രഭാഷണം, പാഠകം, ചാക്യാര്‍ക്കൂത്ത്, ഓട്ടന്‍തുള്ളല്‍, ശീതങ്കല്‍ തുള്ളല്‍, പറയന്‍തുള്ളല്‍ എന്നിവയും, വൈകീട്ട് 4.30-മുതല്‍ വിവിധ കലാപരിപാടികളും നടക്കും. ഡിസം: 27-മുതല്‍ ജനുവരി 2-വരെ വൈകീട്ട് 3.30-മുതല്‍ ക്ഷേത്ര സംസ്‌ക്കാരവും, ഭാരതീയ വിജ്ഞാന പാരമ്പര്യവും എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുകര്‍ പങ്കെടുക്കുന്ന സെമിനാറുകളും സംഘടിപ്പിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
യജ്ഞത്തിന്റെ എല്ലാദിവസവും ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് പ്രത്യേക പ്രസാദ ഊട്ടും ദേവസ്വം ഒരുക്കിയിട്ടുണ്ട്. അതിരുദ്ര മഹായജ്ഞത്തിന് ഭക്തജനങ്ങള്‍ക്ക് വഴിപാടുകള്‍ രസീതിയാക്കുന്നതിനും, പ്രസാദ വിതരണം നടത്തുന്നതിനും, അഭിഷേകം തൊഴുന്നതിനും വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മമ്മിയൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ജി.കെ. ഹരിഹരകൃഷ്ണന്‍, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍മാരായ കെ.കെ. ഗോവിന്ദദാസ്, പി. സുനില്‍കുമാര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.ടി. വിജയി എന്നിവര്‍ അറിയിച്ചു