തൃശൂരിലുള്ള ആളുടെ പണം പോളണ്ടിൽ നിന്നും പിൻവലിച്ചു , നഷ്ടപെട്ട പണം ബാങ്ക് തിരിച്ചു നൽകണം : ഉപഭോക്‌തൃ കോടതി
തൃശൂർ : എക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പണം തിരിച്ചു നല്കാൻ ബാങ്കിനോട് ഉപ ഭോക്തൃ കോടതി . തൃശൂർ എഴുത്തച്ഛൻ നഗറിലെ പാറക്കൽ വീട്ടിൽ ജോഷി ഡേവിഡ് ഫയൽ ചെയ്ത ഹർജിയിലാണ് ധനലക്ഷ്മി ബാങ്കിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും തൃശൂർ എം ജി റോഡിലെ മെയിൻ ബ്രാഞ്ച് മാനേജർക്കെതിരെയും ഇപ്രകാരം വിധിയായത്
ഹർജിക്കാരൻ്റെ എക്കൗണ്ടിൽ നിന്ന് 32728 രൂപയും 16364 രൂപയും പിൻവലിക്കപ്പെട്ടതായി സന്ദേശം ലഭിച്ചു . അന്വേഷണത്തിൽ പോളണ്ടിൽ നിന്നാണ് പണം പിൻവലിച്ചതെന്ന് മനസിലാക്കി .ഇത് വരെ പോളണ്ട് സന്ദർശിക്കാത്ത ജോഷി ഡേവിഡ് അന്ന് തൃശൂരിലെ പെട്രോൾ പമ്പിൽ നിന്ന് കാർഡ് ഉപയോഗിച്ച് പെട്രോൾ അടിച്ചിരുന്നു .ബാങ്കിൽ പരാതിപ്പെട്ടുവെങ്കിലും പണം തിരിച്ചു നൽകാൻ ബാങ്ക് തയ്യാറായില്ല . തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു.
ജോഷി ഡേവിഡ് ബാങ്കോക്കിൽ പോയപ്പോൾ എ ടി എം ഉപയോഗിച്ചിട്ടുണ്ടെന്നും അവിടെ വെച്ച് കാർഡിൻ്റെ രഹസ്യങ്ങൾ സ്കിമ്മിങ്ങിലൂടെ ചോർത്തി പോളണ്ടിൽ നിന്ന് ദുരുപയോഗം ചെയ്തിട്ടുണ്ടാകാമെന്നും അതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കുവാനാവില്ല എന്നുമായിരുന്നു ബാങ്കിൻ്റെ വാദം.എന്നാൽ എക്കൗണ്ടിൻ്റെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് ബാങ്കിൻ്റെ ഉത്തരവാദിത്തമാണെന്ന് ജോഷി ഡേവിഡ് വാദിച്ചു.
തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി ടി സാബു മെമ്പർ ശ്രീജ എസ് എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഉത്തരവാദിത്തം ബാങ്കിനാണെന്ന് നിരീക്ഷിക്കുകയും ഹർജിക്കാരന് മൊത്തം നഷ്ടപ്പെട്ട 49,092 രൂപയും പണം നഷ്ടപ്പെട്ട തിയ്യതി മുതൽ 6 % പലിശയും ചിലവിലേക് 2000 രൂപയും നൽകുവാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ ഏ ഡി ബെന്നി ഹാജരായി