Madhavam header
Above Pot

മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റ്, ദാരിദ്യ സൂചിക തയ്യാറാക്കിയത് 2015-16 ലെ സർവേ പ്രകാരം , ഉമ്മൻ ചാണ്ടിയുടെ നേട്ടമെന്ന് ചെന്നിത്തല

തിരുവനന്തപുരം: രാജ്യത്ത് ദരിദ്രരുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണെന്ന നീതി ആയോഗിന്റെ ബഹുതല ദാരിദ്യ സൂചിക തയ്യാറാക്കിയത് 2015-16 ലെ കുടുംബാരോഗ്യ സര്‍വേ നാലിന്റെ അടിസ്ഥാനത്തില്‍. 2019-20 ലെ കുടുംബാരോഗ്യ സര്‍വേ അഞ്ചിന്റെ ഫലവും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദാരിദ്ര്യ സൂചിക പട്ടിക പരിഷ്‌കരിക്കുമെന്ന് നീതി ആയോഗ് അറിയിച്ചു. 

Astrologer

ഇതോടെ മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫും കേരളത്തിന്റെ നേട്ടം സംബന്ധിച്ച് നടത്തിയ അവകാശവാദം തെറ്റാണെന്നാണ് വ്യക്തമാകുന്നത്.

മഹാമാരിയും പ്രകൃതി ദുരന്തങ്ങളുമുള്‍പ്പെടെ അനവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടും ജനക്ഷേമം ഉറപ്പുവരുത്തുന്നതിനായി സര്‍ക്കാര്‍ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഈ നേട്ടത്തിന്റെ അടിത്തറ പാകി എന്നത് അഭിമാനകരമാണെന്നാണ് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിലൂടെ അവകാശപ്പെട്ടത്. എന്നാല്‍ കേരളം ഇത്തരമൊരു നേട്ടം സ്വന്തമാക്കിയത് 2015-16 ലെ സര്‍വേ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് നീതി ആയോഗ് പറയുന്നത്.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യമായി അധികാരത്തിലേറുന്നത് 2016-ലാണ്. അതിന് മുമ്പുള്ള സര്‍വേ പ്രകാരം തയ്യാറാക്കിയ സൂചികയിലെ നേട്ടത്തില്‍ എല്‍ഡിഎഫ് അവകാശവാദം ഉന്നയിച്ചത് അടിസ്ഥാന രഹിതമാണെന്നാണ് ഇതോടെ വ്യക്തമാകുന്നത്.

പോഷകാഹാരം, ശിശു-കൗമാര മരണ നിരക്ക്, പ്രസവാനന്തര പരിപാലനം, സ്‌കൂള്‍ വിദ്യാഭ്യാസം, ഹാജര്‍നില, പാചക ഇന്ധന ലഭ്യത, ശുചിത്വം, കുടിവെള്ള ലഭ്യത, വൈദ്യുതി, വീട്, സമ്പാദ്യം, ബാങ്ക് അക്കൗണ്ട് തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ദാരിദ്ര്യ സൂചിക തയ്യാറാക്കിയത്.

അതെ സമയം കേരളം ദാരിദ്ര്യ സൂചികയിൽ ഏറ്റവും പിന്നിലാണെന്ന നിതി ആയോഗിന്റെ റിപ്പോർട്ട് കേരളത്തിന് അഭിമാനമാണെന്ന് രമേശ് ചെന്നിത്തല. 2015-16 കാലത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോർട്ടാണ് നിതി ആയോഗ് പുറത്തു വിട്ടത്. ഈ അംഗീകാരം ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കേരളം ഭരിച്ച യുഡിഎഫ് സർക്കാരിന് ജനകീയ പരിപാടികളുടെ പ്രതിഫലനമാണെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കടുത്ത സാമ്പത്തിക പ്രതിസന്ധി കാലയളവിൽ ജനങ്ങളുടെ മനസ്സും വയറും നിറയ്ക്കാൻ അന്നത്തെ യുഡിഎഫ് സർക്കാർ കൊണ്ടുവന്ന പദ്ധതികളും നടപടികളും ലോക ശ്രദ്ധ നേടി. എന്നാൽ ഇന്ന് ഇതാണോ സ്ഥിതിയെന്ന് സംശയിക്കേണ്ടതാണ്. 2020-21 കാലയളവിലെ പട്ടിണി സൂചിക റിപ്പോർട്ട് പുറത്തിറങ്ങുമ്പോൾ കേരളത്തിന് ഇപ്പോഴത്തെ റിപ്പോർട്ടിലെ നില തുടരുവാൻ കഴിയുമോയെന്ന് സംശയമാണെന്നും അദ്ദേഹം പറഞ്ഞു.

നിതി ആയോഗ് പുറത്തിറക്കിയ മള്‍ട്ടി ഡയമെന്‍ഷണല്‍ പോവര്‍ട്ടി ഇന്‍ഡെക്‌സിലാണ് കേരളത്തിന് നേട്ടം ലഭിച്ചത്. രാജ്യത്ത് ഏറ്റവും കുറഞ്ഞ ദാരിദ്ര്യ നിരക്കുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളമാണ് 2015-16 കാലത്ത് മുന്നിലുള്ളതെന്ന് റിപ്പോർട്ട് പറയുന്നു. ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്ന സംസ്ഥാനങ്ങള്‍. റിപ്പോര്‍ട്ട് പ്രകാരം ബിഹാറിലെ ജനസംഖ്യയില്‍ 51.91 ശതമാനം ജനങ്ങളും ദരിദ്രരാണ്. ഝാര്‍ഖണ്ഡില്‍ 42.16 ശതമാനം ജനങ്ങളും ഉത്തര്‍പ്രദേശില്‍ 37.79 ജനങ്ങളും ദരിദ്രരാണ്. മധ്യപ്രദേശ് (36.65 ശതമാനം) നാലാം സ്ഥാനത്താണ്. മേഘാലയ(32.67) ആണ് അഞ്ചാമത്.

പട്ടികയില്‍ ഏറ്റവും താഴെയാണ് കേരളം. കേരളത്തില്‍ വെറും 0.71 ശതമാനം മാത്രമാണ് ദരിദ്രര്‍. ഗോവ(3.76), സിക്കിം (3.82), തമിഴ്‌നാട്(4.89), പഞ്ചാബ് (5.59) എന്നീ സംസ്ഥാനങ്ങളാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. ഓക്‌സ്ഫോർഡ് പോവര്‍ട്ടി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇനീഷ്യേറ്റീവും യുനൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെയും രീതിശാസ്ത്രപ്രകാരമാണ് നിതി ആയോഗ് സംസ്ഥാനങ്ങളിലെ ദാരിദ്ര്യം കണക്കാക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവയാണ് പ്രധാനമായി പരിഗണിക്കുന്നത്. പോഷകാഹാരം, ശിശുമരണം, കൗമാരക്കാരുടെ മരണം, സ്‌കൂള്‍ വിദ്യാഭ്യാസം, ഗര്‍ഭസ്ഥ ശിശുപരിചരണം, പാചക ഇന്ധനം, മാലിന്യ നിര്‍മാര്‍ജനം, കുടിവെള്ളം, വൈദ്യുതി, ഭവനം, സ്വത്ത്, ബാങ്ക് അക്കൗണ്ട് എന്നിവയും പ്രധാന മാനദണ്ഡങ്ങളാണ്.

Vadasheri Footer