ഗുരുവായൂരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിളക്കാഘോഷം ഞായറാഴ്ച്ച
ഗുരുവായൂര്‍: ഏകാദശി വിളക്കാഘോഷത്തിന്റെ 14-ാം ദിവസമായ ഞായറാഴ്ച്ച, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏകാദശി വിളക്കാഘോഷം സമ്പൂര്‍ണ്ണ നെയ്യ്‌വിളക്കായി സമർപ്പിക്കുമെന്ന് ബാങ്ക് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏകാദശിയോടനുബന്ധിച്ച് ക്ഷേത്രത്തില്‍ തുടര്‍ച്ചയായി 36-ാം തവണയാണ് സ്‌റ്റേറ്റ് ബാങ്ക് വിളക്കാഘോഷം സമ്പൂര്‍ണ്ണ നെയ്യ്‌വിളക്കായി ആഘോഷിച്ച് വരുന്നത്.
ക്ഷേത്രത്തില്‍ രാവിലെ ഏഴിന് ദേവസ്വത്തിലെ തലയെടുപ്പുള്ള മൂന്നാനകളോടുകൂടിയ പ്രൗഢ ഗംഭീരമായ പ്രത്യേക കാഴ്ച്ചശീവേലിയ്ക്ക്, കിഴക്കൂട്ട് അനിയന്‍ മാരാരും, സംഘവും നേതൃത്വം നല്‍കുന്ന പഞ്ചാരിമേളം അകമ്പടി സേവിയ്ക്കും. വിളക്കാഘോഷത്തിന്റെ ഭാഗമായി മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ രാവിലെ 8-മണിമുതല്‍ വൈകീട്ട് 5-മണിവരെ ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളിലെ ജീവനക്കാരുടെ വകയായി കലാപരിപാടികളും നടക്കും. വൈകീട്ട് ആറിന് സ്റ്റാര്‍ സിംഗര്‍ ഫെയിം വിവേകാനന്ദനും, സംഘവും അവതരിപ്പിയ്ക്കുന്ന ഭക്തി ഗാനമേളയും ഉണ്ടായിരിയ്ക്കും.
രാത്രി ഒമ്പതിന് ഇടയ്ക്കാനാദസ്വരത്തോടേയുള്ള വിളക്കെഴുന്നെള്ളിപ്പിന്റെ നാലാമത്തെ പ്രദക്ഷിണത്തില്‍ ചുറ്റമ്പലത്തിലെ പതിനായിരത്തോളം വരുന്ന വിളക്കുകള്‍ നറുനെയ്യിൽ തെളിഞ്ഞുനില്‍ക്കും. വാര്‍ത്താസമ്മേളനത്തില്‍ , റിജീനിയല്‍ മാനേജര്‍ എം. മനോജ് കുമാര്‍, വിളക്കാഘോഷകമ്മറ്റി ഭാരവാഹികൾ ആയ സി.എം. സേതുമാധവന്‍, കെ. പ്രദീപ്, കെ. സുമേഷ്, കെ. ദിനേഷ് കുമാര്‍ ,പ്രകാശൻ എന്നിവർ എന്നിവര്‍ പങ്കെടുത്തു.