ഗുരുവായൂരിൽ കനറാ ബാങ്ക് ജീവനക്കാരുടെ വകയായുള്ള നെയ് വിളക്ക് ഞായറാഴ്ച
ഗുരുവായൂര്‍: ഏകാദശി വിളക്കാഘോഷത്തിന്റെ ഭാഗമായി കനറാബാങ്ക് ജീവനക്കാരുടെ വകയായുള്ള സമ്പൂര്‍ണ്ണ നെയ്യ്‌വിളക്ക് ഞാറാഴ്ച നടക്കുമെന്ന് കനറാ ബാങ്ക് പൂജ കമ്മറ്റി ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏകാദശിയോടനുബന്ധിച്ച് ക്ഷേത്രത്തില്‍ തുടര്‍ച്ചയായി 43-ാം തവണയാണ് കനറാ ബാങ്ക് വിളക്കാഘോഷം സമ്പൂര്‍ണ്ണ നെയ്യ്‌വിളക്കായി ആഘോഷിച്ച് വരുന്നത്. ക്ഷേത്രത്തില്‍ രാവിലെ ഏഴിന് മൂന്നാനകളോടുകൂടിയ പ്രൗഢഗംഭീരമായ കാഴ്ച്ചശീവേലിയ്ക്ക്, ദേവസ്വത്തിലെ തലയെടുപ്പുള്ള കൊമ്പന്‍ ഇന്ദ്രസെന്‍, ഭഗവാന്റെ തിടമ്പേറ്റും.
തിരുവല്ല രാധാകൃഷ്ണനും, ഗുരുവായൂര്‍ ഗോപന്‍മാരാരും ചേര്‍ന്ന് നേതൃത്വം നല്‍കുന്ന പഞ്ചാരിമേളം കാഴ്ച്ചശീവേലിയ്ക്ക് അകമ്പടിയാകും. സന്ധ്യയ്ക്ക് ആറിന് ഗുരുവായൂര്‍ ദേവസ്വം വൈജയന്തി ബില്‍ഡിങ്ങില്‍ കനറാ ബാങ്ക് ജനറല്‍ മാനേജര്‍ എം. പ്രേംകുമാര്‍, പഞ്ചമദ്ദള കേളി പ്രഭയില്‍ ഭദ്രദീപം തെളിയിയ്ക്കും. 6.30-ന് ക്ഷേത്രം ഉപദേവതയായ ഇടത്തരികത്ത് കാവില്‍ ഭഗവതിക്കു മുന്നിൽ ഗുരുവായൂര്‍ ഗോപന്‍ മാരാരും, സംഘവും അവതരിപ്പിയ്ക്കുന്ന ഡബ്ബിള്‍ തായമ്പയും വിളക്കാഘോഷത്തിന് മാറ്റുകൂട്ടും. രാത്രി ഒമ്പതിന് ഇടയ്ക്കാനാദസ്വരത്തോടേയുള്ള വിളക്കെഴുന്നെള്ളിപ്പു നടക്കും .
വിളക്കാഘോഷത്തിന്റെ ഭാഗമായി മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് 3-മുതല്‍ 5.30-വരെ ബാങ്ക് ജീവനക്കാരും, കുടുംബാംഗങ്ങളും ചേര്‍ന്നവതരിപ്പിയ്ക്കുന്ന വിവിധ കലാപരിപാടികളും, 5.30-മുതല്‍ 8.30-വരെ സിഗ്നല്‍സ് ദി റിയല്‍ മ്യൂസിക് ടീം അവതരിപ്പിയ്ക്കുന്ന ഭക്തി ഗാനമേളയും ഉണ്ടായിരിയ്ക്കും വാര്‍ത്താസമ്മേളനത്തില്‍ ചീഫ് മാനേജര്‍ ശ്രീദേവി നായര്‍, മാനേജര്‍ പി.കെ. അവിനാഷ്, ബാങ്ക് പൂജ കമ്മറ്റി ഭാരവാഹികളായ എം.എസ്. ഭാസ്‌ക്കരന്‍, എസ്. നന്ദകുമാര്‍, ജി. രാജേഷ്, വി.കെ. മോഹനന്‍ എന്നിവര്‍ പങ്കെടുത്തു