ഉജ്ജ്വല ബാല്യം പുരസ്കാര ജേതാക്കളെ അനുമോദിച്ചു
തൃശൂർ : അസാധാരണ കഴിവുകളുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ”ഉജ്ജ്വല ബാല്യം 2020” പുരസ്കാര ജേതാക്കളെ അനുമോദിച്ചു. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തിൽ വനിതാ ശിശു വികസന വകുപ്പിന്റെയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച ശിശുദിനാഘോഷ പരിപാടിയിലായിരുന്നു അനുമോദനം.
ദേവഹാര സി എസ്(മ്യുറൽ പെയിന്റിംഗ്), ആദിക പി എം(പ്രച്ഛന്നവേഷം), ഹിബ മറിയം കെ എസ്(യോഗ), അൻസ ഷെറിൻ(പെയിന്റിംഗ്, ബോട്ടിൽ ആർട്ട്) എന്നിവരാണ് ജില്ലയിൽ നിന്ന് പുരസ്കാരത്തിന് അർഹരായത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ മുഖ്യാതിഥിയായി.
6 വയസ്സിനും 18 വയസ്സിനും ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാരായ കുട്ടികൾ ഉൾപ്പെടെയുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായാണ് ”ഉജ്ജ്വല ബാല്യം”
പുരസ്കാരം. 25,000 രൂപയും സർട്ടിഫിക്കറ്റും ട്രോഫിയും അടങ്ങുന്നതാണ് പുരസ്കാരം.
ജില്ലാ വനിതാ ശിശു വികസന ഓഫീസർ പി മീര, ജില്ലാ ശിശു സംരക്ഷണ ഓഫീസർ മഞ്ജു പി ജി, ഐ സി ഡി എസ് പ്രോഗ്രാം ഓഫീസർ കെ കെ അംബിക, ജില്ലാ വുമൺ പ്രൊട്ടക്ഷൻ ഓഫീസർ എസ് ലേഖ,
ബാലസാഹിത്യകാരൻ സി ആർ ദാസ്, സാഹിത്യകാരി സംഗീത ശ്രീനിവാസൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.