Header 1 vadesheri (working)

“ഇനിയുള്ള നാളുകൾ ശരണം വിളികളോടെ” ,തീർത്ഥാടകരെ വരവേൽക്കാൻ ക്ഷേത്ര നഗരി ഒരുങ്ങി

Above Post Pazhidam (working)

ഗുരുവായൂർ: ശബരിമല തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ ക്ഷേത്ര നഗരി ഒരുങ്ങി. ഇനിയുള്ള നാളുകൾ ശരണം വിളികളുടേതാണ് . ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏറ്റവും കൂടുതല്‍ ഭക്തരെത്തി ചേരുന്നത് മണ്ഡലകാലത്താണ്. വൃശ്ചികം പിറന്നാല്‍ ഗുരുപവനപുരി ശബരിമല തീര്‍ത്ഥടാകരെകൊണ്ട് നിറയും. ധനു 11 വരെയുള്ള 41 ദിവസത്തെ മണ്ഡലകാലത്ത് ക്ഷേത്രപരിസരം അയ്യപ്പ ഭക്തർ കയ്യടക്കും

First Paragraph Rugmini Regency (working)

തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന, കര്‍ണാടക തുടങ്ങീ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ വലിയ സംഘങ്ങളായാണ് എത്താറ്. ഇവര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ നഗരസഭയും ദേവസ്വവും ചേര്‍ന്ന് ഒരുക്കും. തീര്‍ത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് ക്ഷേത്രത്തിലെ ദര്‍ശന സമയം ദീര്‍ഘിപ്പിക്കും.

Second Paragraph  Amabdi Hadicrafts (working)

കൊവിഡിനെ തുടര്‍ന്ന് 2020 മാര്‍ച്ചില്‍ നിറുത്തി വച്ചിരുന്ന നാലമ്പലത്തിനുള്ളിൽ പ്രവേശിച്ചുള്ള ദര്‍ശനം, കുട്ടികളുടെ ചോറൂണ്‍ ,തുലാഭാരം എന്നീ വഴിപാടുകള്‍ വൃശ്ചികപുലരിയില്‍ പുനരാരംഭിക്കും. പ്രഭാത ഭക്ഷണമുള്‍പ്പടെ മൂന്ന് നേരമായി നടക്കുന്ന പ്രസാദ ഊട്ടും നാളെ മുതല്‍ പുനരാരംഭിയ്ക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചാകും പ്രസാദ ഊട്ട് നടക്കുക.
സാധാരണ ദിവസങ്ങളില്‍ ഉച്ചതിരിഞ്ഞ് 4.30ന് തുറക്കുന്ന ക്ഷേത്രനട, മണ്ഡലകാലത്ത് ഒരു മണിക്കൂര്‍ നേരത്തെ തുറക്കും.

ഓണ്‍ലൈന്‍ ബുക്കിംഗ് ഇല്ലാതെതന്നെ അയ്യപ്പഭക്തര്‍ക്ക് ദര്‍ശനം നടത്താനാകും. അയ്യപ്പഭക്തര്‍ക്ക് പ്രത്യേകവരിയും കെട്ടുനിറയ്ക്കാനുള്ള സൗകര്യവും ഉണ്ടാകും. കിഴക്കേനടയില്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുറക്കും. വിവിധഭാഷകളില്‍ അനൗണ്‍സ്‌മെന്റും ഉണ്ടാകും. വൈദ്യസഹായ കേന്ദ്രങ്ങളും സജ്ജമാകും. മണ്ഡലകാലത്ത് ആദ്യ മുപ്പത് ദിവസം ക്ഷേത്രത്തില്‍ രാവിലെ കാഴ്ച ശീവേലിക്ക് മൂന്ന് ആനകളുടെ എഴുന്നള്ളിപ്പിന് അഞ്ച്് പ്രദക്ഷിണം ഉണ്ടാകും. ഇടുതുടി,വീരാണം എന്നീ വിശേഷ വാദ്യങ്ങള്‍ അകമ്പടിയാവും. ഇത് മണ്ഡലകാല ശീവേലിയുടെ മാത്രം പ്രത്യേകതയാണ്.

ദിവസവും ഉച്ചപൂജക്ക് മുമ്പ് ഗുരുവായൂരപ്പന് പഞ്ചഗവ്യം അഭിഷേകം ചെയ്യും. പ്രത്യക കൂട്ടുകളോടെ തയ്യാറാക്കുന്ന പഞ്ചഗവ്യം പൂജകള്‍ നടത്തി ചൈതന്യപൂരിതമാക്കിയശേഷമാണ് 40 ദിവസവും ഗുരുവായൂരപ്പന് അഭിഷേകം ചെയ്യുന്നത്. 41-ാം ദിവസം കളഭാട്ടമാണ്. ഗുരുവായൂരപ്പന് ദിവസവും കളഭം ചാര്‍ത്താറുണ്ടെങ്കിലും അഭിഷേകം ചെയ്യുന്നത് മണ്ഡല സമാപന ദിവസം മാത്രമാണ്. കോഴിക്കോട് സാമൂതിരിയുടെ വഴിപാടായാണ് കളഭാഭിഷേകം നടത്തുന്നത്. മണ്ഡലകാലത്തെ ആദ്യ ദിവസം
പഞ്ചഗവ്യാഭിഷേകവും ഉച്ചപൂജയും നിര്‍വ്വഹിക്കുക തന്ത്രിയായിരിക്കും.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓതിക്കന്മാരാണ് ഉച്ചപൂജ നടത്തുക. സാധാരണ ദിവസങ്ങളില്‍ മേല്‍ശാന്തിയാണ് ഉച്ചപൂജ നടത്താറ്. ഓതിക്കന്‍ കുടുംബങ്ങളായ മുന്നൂലം, പൊട്ടക്കുഴി, കക്കാട്, പഴയം എന്നിവിടങ്ങളിലെ കാരണവന്മാരാണ് മണ്ഡലകാലത്തെ ഉച്ചപൂജ നിര്‍വ്വഹിക്കുക. കഴിഞ്ഞ രണ്ട് മണ്ഡലകാലങ്ങള്‍ തീര്‍ത്ഥാടകരില്ലാതെയാണ് കടന്ന് പോയത്. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതിനാല്‍ ഇത്തവണ തീര്‍ത്ഥാടകരുടെ വലിയ ഒഴുക്കാണ് പ്രതീക്ഷിക്കുന്നത്. കോവിഡിൽ തകർന്ന് തരിപ്പണമായ ഗുരുവായൂരിലെ വ്യാപാരി സമൂഹത്തിന്റെ ഉയിർത്തെഴുന്നേല്പ് കൂടിയാകും ഈ മണ്ഡല കാലം

ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് 30-ദിവസം നീണ്ടുനില്‍ക്കുന്ന ഏകാദശി വിളക്കാഘോഷത്തിന് തുടക്കമായി. ഈവര്‍ഷം ആഘോഷപൂര്‍വ്വം നടത്തുന്ന വിളക്കാഘോഷത്തില്‍ ക്ഷേത്രത്തിനകത്ത് മേളം, പഞ്ചവാദ്യം എന്നിവയും കെങ്കേമമായി നടത്തപ്പെടും. ഏകാദശിയോടനുബന്ധിച്ച് നടക്കുന്ന വിളക്കാഘോഷത്തിന് സംഘടനകളും, വ്യക്തികളും, സ്ഥാപനങ്ങളും നടത്തുന്ന വിളക്കുകളുടെ ഭാഗമായി മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ കലാപരിപാടികളും ഉണ്ടായിരിയ്ക്കും. ഉദയാസ്ത മന പൂജയോടെ ഏകാദശി ദിവസമായ ഡിസം: 14-ന്, ദേവസ്വം വകയായിട്ടാണ് വിളക്കാഘോഷം നടക്കുന്നത്