കോൺഗ്രസ് നടത്തിയ ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യഗ്രഹ സമരം സി പി എം ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നു : കെ സി വേണുഗോപാൽ
ഗുരുവായൂർ : സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഐതിഹാസികമായ ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യഗ്രഹ സമരത്തിലെ നായകൻ കെ കേളപ്പനെ വില കുറച്ചു എ കെ ജി യെ മഹത്വ വൽക്കരിക്കാൻ ശ്രമിക്കുന്നത് സി പി എമ്മിന്റെ സങ്കുചിത ചിന്തയുടെ ഫലമാണെന്ന് കെ പി സി സി ജനറൽ സെക്രട്ടറി കെ സി വേണു ഗോപാൽ അഭിപ്രായപ്പെട്ടു
ജില്ലാ കോൺഗ്രസ് കമ്മറ്റി ഗുരുവായൂരിൽ സംഘടിപ്പിച്ച സത്യഗ്രഹ സമരത്തിന്റെ നവതി ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം .
എകെജിയും , കൃഷ്ണപിള്ളയും സത്യഗ്രഹ സമരത്തിന് നേതൃത്വം നൽകിയത് കോൺഗ്രസ് നേതാക്കൾ ആയതു കൊണ്ടാണ് അല്ലാതെ കമ്മ്യുണിസ്റ്റ് പാർട്ടി നേതാക്കൾ ആയതുകൊണ്ടല്ല സിപിഎം ചരിത്രത്തെ വളച്ചൊ ടിക്കുകയാണ്. .കാക്കിനാഡ അഖിലേന്ത്യാ കോൺഗ്രസ് സമ്മേളനത്തിന്റെ തീരുമാന പ്രകാരമാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം ക്ഷേത്ര പ്രവേശന സത്യഗ്രഹ സമരം നടത്തിയത്. ഗാന്ധിജി പറഞ്ഞിട്ടാണ് വീർ സവർക്കർ മാപ്പെഴുതി കൊടുത്തത് എന്ന് ബി ജെ പി നേതാക്കൾ പറയുന്നത് പോലെയാണ് ക്ഷേത്ര പ്രവേശന സത്യഗ്രഹ പിതൃത്വം സി പി എം അവകാശ പ്പെടുന്നത് .
കേന്ദ്രത്തിൽ നരേന്ദ്ര മോഡി ചെയ്യുന്നതാണ് കേരളത്തിൽ പിണറായി ചെയ്യുന്നത് .താൻ പോകുന്ന വഴിക്ക് ചരിത്രം പോകുമെന്നാണ് പിണറായി കരുതുന്നത് കോൺഗ്രസ് അത് അനുവദിക്കില്ല . എ ഐ സി സി യുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ ക്ഷേത്ര പ്രവേശന സത്യഗ്രഹ സമരത്തിന്റെ സ്മാരകം നിർമിക്കുമെന്ന് വേണുഗോപാൽ അറിയിച്ചു .മഞ്ജുളാൽ തയ്യാറാക്കിയ നവതി ജ്യോതി കഥാകാരി എം ലീലാവതി തെളിയിച്ചു .
ഡി സി സി പ്രസിഡന്റ് ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു എം പി മാരായ ടി എൻ പ്രതാപൻ , രമ്യ ഹരിദാസ് ബ്ലോക്ക് പ്രസിഡന്റ് ഗോപ പ്രതാപൻ ,ഒ കെ ആർ മണികണ്ഠൻ എന്നിവർ സംസാരിച്ചു .സംസ്ഥാന ജില്ലാ കോൺഗ്രസ് നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു .നവതി ആഘോഷത്തിന് മുന്നോടിയായി മുതുവട്ടൂർ , മമ്മിയൂർ, ചൊവ്വല്ലൂർ പടി എന്നിവിടങ്ങളിൽ നിന്ന് കോൺഗ്രസിന്റെ പദ യാത്ര സമ്മേളന വേദിയിലേക്ക്എത്തി