മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.5 അടിയായി നിലനിർത്തണം :സുപ്രീം കോടതി
ദില്ലി: മുല്ലപ്പെരിയാറിലെ ജലനിരപ്പ് നവംബർ പത്ത് വരെ 139.5 അടിയായി നിലനിർത്തണമെന്ന് സുപ്രീംകോടതിയുടെ ഇടക്കാലവിധി. കേരളത്തിൻ്റെ വാദം ഭാഗീകമായി അംഗീകരിച്ചാണ് ജലനിരപ്പ് 142 അടിയാവാതെ കുറച്ചു നിർത്താൻ സുപ്രീംകോടതി നിർദേശിച്ചത്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 142 അടിയാണെങ്കിൽ കനത്ത മഴയുണ്ടായാലുള്ള നീരൊഴുക്ക് അണക്കെട്ടിന് താങ്ങാനാവില്ലെന്ന് കേരളം സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 139 അടിക്ക് താഴെ ജലനിരപ്പ് ക്രമീകരിച്ചാൽ വലിയ പ്രതിസന്ധിയുണ്ടാവില്ലെന്നും കേരളം സുപ്രീംകോടതിയിൽ വ്യക്തമാക്കി.
അണക്കെട്ടിൻ്റെ ബലക്ഷയവും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന പ്രവചനവും സുപ്രീംകോടതിയുടെ ശ്രദ്ധയിൽ കേരളം ഇന്ന് കൊണ്ടുവന്നിരുന്നു. കേരളം സമർപ്പിച്ച രൂൾ കർവ്വ് പ്രകാരം ഒക്ടോബർ 31 വരെ 136 അടിയായും നവംബർ 10 138.3 അടിയായും അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കാനാണ് നിർദേശിക്കുന്നത്. 139.5 അടിയായി നവംബർ പത്ത് വരെ ജലനിരപ്പ് നിജപ്പെടുത്താനാണ് തമിഴ്നാട് നിർദേശിച്ചത്. ഇതു തന്നെ മേൽനോട്ടസമിതിയുടെ നിർദേശത്തിലുമുള്ളത്. ഈ നിർദേശം അംഗീകരിച്ചാണ് ഇപ്പോൾ സുപ്രീംകോടതിയുടെ വിധി.
കഴിഞ്ഞ 100 വർഷത്തെ സാഹചര്യം പരിഗണിച്ചാണ് കേരളം റൂൾകർവ് തീരുമാനിക്കുന്നതെന്നും എന്നാൽ തമിഴ്നാട് തയ്യാറാക്കിയ റൂൾ കർവാണ് മേൽനോട്ട സമിതി അംഗീകരിക്കുന്നതെന്നും ഇന്ന് കേരളം സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി. തമിഴ്നാടിൻ്റെ രൂൾ കർവ് അനുസരിച്ച് മുന്നോട്ട് പോകാനാവില്ലെന്നും കേരളം നിലപാടറിയിച്ചു. മേൽനോട്ട സമിതി ഇത്തരം കാര്യങ്ങളിൽ കൃത്യമായി തീരുമാനമെടുക്കുന്നില്ലെന്ന വിമർശനം ജസ്റ്റിസ് കൻവിൽക്കർ ഇന്ന് ഉന്നയിച്ചു.