തിരുവില്വാമല ക്ഷേത്രത്തില്‍ ആനയിടഞ്ഞു , ആനപുറത്തിരുന്നയാളെ കുടഞ്ഞ് താഴെയിട്ടു വെങ്കിലും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു
തൃശൂർ : തിരുവില്വാമല ക്ഷേത്രത്തില്‍ വില്വാദ്രിനാഥന്റെ നിറമാലയ്ക്കെത്തിയ അടാട്ട് പരമു എന്ന പാണഞ്ചേരി പരമേശ്വരന്‍ ഇടഞ്ഞു. ഉച്ചയ്ക്കുള്ള കാഴ്ചശീവേലി തുടങ്ങിയ സമയത്താണ് പടിഞ്ഞാറേ നടയില്‍വെച്ച് ആന ഇടഞ്ഞത്. ആനപ്പുറത്തുണ്ടായിരുന്ന കുനിശ്ശേരി സ്വാമിനാഥനെ (50 ) താഴെയിട്ടു. ക്ഷേത്ര നടയിലെ ദീപസ്തംഭവും ആന മറിച്ചിട്ടു. തുടര്‍ന്ന് കുന്നംകുളത്തുനിന്നും എലിഫന്റ് സ്‌ക്വാഡെത്തി. ഏകദേശം ഒന്നരമണിക്കൂറോളമെടുത്താണ് ആനയെ തളച്ചത്.
അതേസമയം, ഒന്നാം പാപ്പാനായ അഫ്സല്‍ ആനയെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചതാണ് ആന പ്രകോപിതനാക്കിയതെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. ഇതിനിടെ ഇടഞ്ഞ ആനയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച മാതൃഭൂമി പ്രാദേശിക ലേഖകനെ പാപ്പാന്മാരുള്‍പ്പെടുന്ന സംഘം കൈയ്യേറ്റം ചെയ്തതായും ആരോപണമുണ്ട്. മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കുകയും നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് ആരോപണം. പഴയന്നൂര്‍ പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.