Madhavam header
Above Pot

ഡി.രാജക്കെതിരായ വിമർശനം: കാനത്തിനെതിരെ സി.പി.ഐയിൽ കടുത്ത എതിർപ്പ്.

തിരുവനന്തപുരം: ദേശീയ ജനറൽ സെക്രട്ടറി ഡി രാജയ്ക്കെതിരായ കാനം രാജേന്ദ്രൻറെ പ്രസ്താവനയിൽ സി.പി.ഐയിൽ ഒരു വിഭാഗം നേതാക്കൾക്ക് കടുത്ത വിയോജിപ്പ്. ഇതേ തുടർന്ന് മുതിർന്ന നേതാവ് കെഇ ഇസ്മയിൽ കാനത്തിനെതിരെ കത്തു നൽകി. ദേശീയ ജനറൽ സെക്രട്ടറിയെ ദുർബലപ്പെടുത്തുന്ന പ്രസ്താവനയാണ് സംസ്ഥാന സെക്രട്ടറിയായ കാനത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് വിമർശനം. കാനത്തിന്റെ പ്രസ്താവനയിലെ അതൃപ്തി ചില നേതാക്കൾ നേരിട്ട് കേന്ദ്ര നേതാക്കളെ അറിയിച്ചു. കാനത്തിന്റെ പ്രസ്താവന ദേശീയ നേതൃത്വം ചർച്ച ചെയ്യുമെന്നാണ് നേതാക്കൾ നൽകുന്ന സൂചന.

Astrologer

സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് എതിരായ ആനി രാജയുടെ പ്രസ്താവനയാണ് സംഭവങ്ങളുടെ തുടക്കം. ഈ പ്രസ്താവന തെറ്റാണെന്ന് ദേശീയ എക്സിക്യൂട്ടിവ് വിലയിരുത്തിയിരുന്നു. എന്നിട്ടും ആനി രാജയെ ദേശീയ ജനറൽ സെക്രട്ടറി കൂടിയായ ഡി രാജ ന്യായീകരിച്ചതിൽ സംസ്ഥാന എക്സിക്യുട്ടീവിൽ വിമർശനം ഉയർന്നു. സംസ്ഥാന പൊലീസിൽ ആർ.എസ്.എസ് ഗ്രൂപ്പെന്ന ആനി രാജയുടെ പരസ്യ വിമര്‍ശനത്തെയാണ് ഡി രാജ ന്യായീകരിച്ചത്. യുപിയിലായാലും കേരളത്തിലായാലും പൊലീസിന്‍റെ വീഴ്ചകൾ വിമര്‍ശിക്കപ്പെടുമെന്നും ഡി രാജ പറഞ്ഞിരുന്നു.

കേന്ദ്ര നേതൃത്വത്തിന് താൻ കൊടുത്ത കത്ത് ശരിവെയ്ക്കുകയാണ് ദേശീയ നേതൃത്വം ചെയ്തതെന്നാണ് കാനം രാജേന്ദ്രൻ ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. പാർട്ടിയുടെ മാനദണ്ഡം ലംഘിക്കപ്പെടാൻ പാടില്ല. അത് ജനറൽ സെക്രട്ടറി ആയാലും ആരായാലും. ഡാങ്കെയെ വിമർശിച്ച പാർട്ടിയാണ് സിപിഐ. കേരളത്തിലെ പൊലീസ് യുപിയിലെ പോലീസിനെ പോലെയല്ല. ഒറ്റപ്പെട്ട സംഭവങ്ങളിൽ തക്കതായ നടപടി എടുത്തിട്ടുണ്ടെന്നും കാനം പറഞ്ഞിരുന്നു.

അതെ സമയം മുഖ്യമന്ത്രി പിണറായി വിജയന് മുന്നില്‍ കാനം രാജേന്ദ്രന്‍ പാര്‍ട്ടിയുടെ അസ്ഥിത്വം പണയം വച്ചെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ ആരോപിച്ചു . സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ പ്രതികരിച്ച സിപിഐയുടെ വനിതാ ദേശീയ നേതാവ് ആനി രാജയെ വിമര്‍ശിക്കുക വഴി സിപിഎമ്മിനോടുള്ള അസാധാരണമായ വിധേയത്വമാണ് സിപിഐ പ്രകടിപ്പിച്ചിരിക്കുന്നത്. മാത്രമല്ല സംസ്ഥാന സെക്രട്ടറി അഖിലേന്ത്യ സെക്രട്ടറിയെ തിരുത്തുകയാണ് ചെയ്തത്.

സിപിഎമ്മിന്‍റെ വീഴ്ചകളെ വിമര്‍ശിക്കാനും തിരുത്തല്‍ ആവശ്യപ്പെടാനും സിപിഐക്ക് മുമ്പ് സാധിച്ചിരുന്നു. ഇടതുപക്ഷമൂല്യം പലപ്പോഴും സിപിഐ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് സിപിഐയുടെ ദേശീയ വനിതാ നേതൃത്വം ക്രമസമാധാന തകര്‍ച്ചയും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും വിമര്‍ശിച്ചപ്പോള്‍ ഭരണനേതൃത്വത്തെ തലോടാനാണ് കാനം തയ്യാറായതെന്ന് സുധാകരന്‍ പറഞ്ഞു. കാനം രാജേന്ദ്രന്റെ നിലപാടുകള്‍ പരിഷ്‌കൃത സമൂഹത്തിനു യോജിച്ചതല്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി

Vadasheri Footer